ജന ഗണ മനയില്‍ പ്രതിഫലം കുത്തനെ ഉയര്‍ത്തി പൂജ ഹെഗ്‌ഡേ; സമന്തയെ പിന്നിലാക്കി
Film News
ജന ഗണ മനയില്‍ പ്രതിഫലം കുത്തനെ ഉയര്‍ത്തി പൂജ ഹെഗ്‌ഡേ; സമന്തയെ പിന്നിലാക്കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th June 2022, 10:40 am

തെന്നിന്ത്യയില്‍ നിലവില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. അഞ്ച് കോടി മുതല്‍ ഏഴ് കോടി വരെയാണ് നയന്‍താര ഒരു ചിത്രത്തിനായി പ്രതിഫലമായി വാങ്ങാറുള്ളത്. നയന്‍താരയ്ക്ക് പിന്നില്‍ സമന്തയായിരുന്നു ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ രണ്ടാമത്.

സമന്തയെ കടത്തി വെട്ടി പൂജ ഹെഗ്‌ഡേ ഈ പട്ടികില്‍ മുന്നിലേക്ക് കയറിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ ചിത്രമായ ജന ഗണ മനയില്‍ പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ് പൂജ. ചിത്രത്തില്‍ അഞ്ച് കോടിയാണ് താരത്തിന്റെ പ്രതിഫലമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ നയന്‍താരയ്ക്ക് പിന്നാലെ തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായിരിക്കുകയാണ് പൂജ.

പ്രഭാസ്, അല്ലു അര്‍ജുന്‍, ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, രാം ചരണ്‍, വിജയ് എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുടെ നായികയായിട്ടുണ്ട് പൂജ. വിജയ് നായകനായ ബീസ്റ്റ്, രാം ചരണ്‍ ചിരഞ്ജീവി എന്നിവര്‍ നായകന്മാരായെത്തിയ ആചാര്യ എന്നിവയാണ് ഒടുവില്‍ റിലീസ് ചെയ്ത പൂജയുടെ ചിത്രങ്ങള്‍.

അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമലോ എന്ന ചിത്രത്തിലെ അഭിനയത്തിന് പൂജക്ക് മികച്ച നടിക്കുള്ള സൈമ അവാര്‍ഡ് ലഭിച്ചിരുന്നു. മഹേഷ് ബാബു നായകനായി റിലീസ് ചെയ്യാനിരിക്കുന്ന എസ്.എസ്.എം.ബി28 എന്ന ചിത്രത്തിലും പൂജയാണ് നായിക.

വിജയ് ദേവരകൊണ്ട നായകനാവുന്ന ജന ഗണ മനയില്‍ നിരവധി ആക്ഷന്‍ സീക്വന്‍സുകള്‍ പൂജ ചെയ്യുന്നുണ്ട്. സൈനിക പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിനായി തായ്‌ലന്റില്‍ പോയി താരം പരിശീലനം നേടിയിരുന്നു. ഇന്ത്യയിലും പുറത്തുമായി നിരവധി ലൊക്കേഷനുകളിലാണ് ജന ഗണ മനയുടെ ഷൂട്ടിങ്ങ്. അഞ്ച് ഭാഷകളിലായിട്ടായിരിക്കും ചിത്രത്തിന്റെ റിലീസ്. 2023 ഓഗസ്റ്റിലായിരിക്കും ജന ഗണ മനയുടെ റിലീസ്.

Content Highlight: Pooja Hegde raises her remuneration to five crore in Jana Gana Mana