ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല, സുഹൃത്തുക്കള്‍ വഴി തെറ്റിച്ചേക്കാം: ഭീമന്‍ രഘു
Film News
ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല, സുഹൃത്തുക്കള്‍ വഴി തെറ്റിച്ചേക്കാം: ഭീമന്‍ രഘു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th June 2022, 8:59 am

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് നടന്‍ ഭീമന്‍ രഘു. സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല, സുഹൃത്തുക്കള്‍ ചിലപ്പോള്‍ വഴി തെറ്റിക്കാന്‍ സാധ്യതയുണ്ടെന്നും കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭീമന്‍ രഘു പറഞ്ഞു.

‘ദിലീപ് തെറ്റ് ചെയ്തു എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ദിലീപിന്റെ കൂടെ ഒരുപാട് പടത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിലൊക്കെ ഒരു ആര്‍ട്ടിസ്റ്റ് എന്നതിനപ്പുറം ഒരു അനിയനായിട്ടാണ് എന്നോട് പെരുമാറിയിട്ടുള്ളത്. അങ്ങനെ അവനില്‍ നിന്നൊരു തെറ്റ് വരുമെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല.

പിന്നെ സുഹൃത്തുക്കള്‍ ചിലപ്പോള്‍ വഴി തെറ്റിച്ചേക്കാം. അഴുക്ക് ചാലിലൂടെ നടക്കുമ്പോള്‍ അഴുക്ക് പുരളാന്‍ സാധ്യതയുണ്ട്. അല്ലാതെ ഇവന് സ്വന്തമായി ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രമാത്രം അറിയാവുന്നത് കൊണ്ട് പറയുന്നതാണ്. ഈ സംഭവത്തിന് ശേഷം ദിലീപിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രാവിശ്യം എറണാകുളത്ത് പോയപ്പോള്‍ വീട്ടില്‍ പോയിരുന്നു,’ ഭീമന്‍ രഘു പറഞ്ഞു.

‘പത്രത്തിലും സോഷ്യല്‍ മീഡിയയിലും കാണുന്നത് അവര്‍ക്ക് വേണ്ടി ബൂസ്റ്റ് ചെയ്യുന്ന സാധനങ്ങളാണ്. എന്താണ് സത്യാവസ്ഥ എന്നതിലേക്ക് ഇവരാരും വന്നിട്ടില്ല. കോടതിയില്‍ എന്താണ് നടക്കുന്നത്. കേസന്വേഷണത്തിലാണെങ്കിലും തടസങ്ങള്‍ നേരിടുന്നു. ഏതാണ് സത്യം ഏതാണ് അല്ലാത്തതെന്ന് നമുക്ക് പറയാന്‍ പറ്റുന്നില്ല. ഒരു കലാകാരനെന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ദിലീപ് കുറ്റം ചെയ്‌തെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

അന്വേഷണം ശരിയായ വഴിക്കാണോയെന്ന് നിയമമാണ് പറയേണ്ടത്. ദിലീപും വല്ലാത്തൊരു അവസ്ഥയിലിരിക്കുകയാണ്. കേസൊക്കെ കഴിഞ്ഞിട്ട് രണ്ട് മൂന്ന് പടം ചെയ്യാമെന്നാണ് ഞാന്‍ ദിലീപിനോട് പറയാറുള്ളത്. നിന്റെ പടത്തിനായി കോമഡിയൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ടെന്ന് പറയും. ചേട്ടന്‍ സമാധാനപ്പെട് നമുക്ക് ചെയ്യാമെന്ന് അവനും പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Actor Bheeman Raghu says he does not believe that Dileep has done anything wrong in the case where the actress was attacked