കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ചങ്ങരോത്ത് പഞ്ചായത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ‘ശുദ്ധികലശം’ നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.
എസ്.സി, എസ്.ടി വകുപ്പ് പ്രകാരമാണ് പേരാമ്പ്ര പൊലീസ് കേസെടുത്തിരിക്കുന്നത്. മുന്‍പഞ്ചായത്ത് പ്രസിഡന്റും പേരാമ്പ്രയിലെ സി.പി.ഐ.എം മുതിര്‍ന്ന നേതാവുമായ ഉണ്ണി വെങ്ങേരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തദ്ദേശ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഭവം. എസ്.സി വിഭാഗത്തില്‍പ്പെടുന്ന ഉണ്ണി വേങ്ങേരിയായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷമായിചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്.
അദ്ദേഹം എസ്.സി വിഭാഗത്തില്‍പ്പെടുന്ന ആളായതുകൊണ്ടാണ് ചാണകവെള്ളം തളിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ചങ്ങരോത്തുള്ള ഫൈസല്‍, സുബൈര്‍ എന്നീ ലീഗ് നേതാക്കളുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസില്‍ ചാണക വെള്ളം തളിച്ചതെന്നാണ് ആരോപണം.
എന്നാല്‍ തളിച്ചത് ചാണകവെള്ളമല്ലെന്നും വെറും വെള്ളം മാത്രമാണെന്നും ലീഗ് നേതൃത്വം വിശദീകരിച്ചിരുന്നു. ഇത്തരത്തില്‍ ഒരു ആഘോഷം യു.ഡി.എഫിന്റെ അറിവോടെ ആയിരുന്നില്ലെന്നും ലീഗ് നേതൃത്വം പറഞ്ഞിരുന്നു.
ചാണക വെള്ളമാണ് തളിച്ചതെന്ന് തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ ഇനാം നല്‍കാമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിച്ചതും ഇതിനിടെ വിവാദമായിരുന്നു.
എല്‍.ഡി.എഫില്‍ നിന്നും 19 സീറ്റ് പിടിച്ചെടുത്തത് ചങ്ങരോത്ത് പഞ്ചായത്തില്‍ യു.ഡി.എഫ് ഭരണം ഉറപ്പിക്കുകയായിരുന്നു.
അതേസമയം, ദളിത് പ്രസിഡന്റ് ഭരിച്ചിരുന്ന പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിലും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ‘ശുദ്ധീകരണ പ്രവൃത്തി’ നടത്തിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയായിരുന്നു നടപടി.
എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തതോടെയാണ് കഴിഞ്ഞ ടേമില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗം ബേബി ഗിരിജ ഭരണം നടത്തിയിരുന്ന പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി ലീഗ് പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ച് ‘ശുദ്ധി’വരുത്തിയത്.