സംവിധായിക നല്‍കിയ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും രേഖകളും പരിശോധിച്ചപ്പോഴാണ് പരാതിയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലീസിന് ലഭിച്ചത്.
സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് ഹോട്ടലില്‍ പി.ടി. കുഞ്ഞുമുഹമ്മദിന്റെ പേരില്‍ ഒരു മുറിയും ബുക്ക് ചെയ്തിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംവിധായികയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടത്. ഇതാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസ് എടുക്കുന്ന നടപടിയിലേക്ക് നയിച്ചതെന്നാണ് വിവരം.
അതേസമയം, കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജാമ്യത്തെ എതിര്‍ത്ത് കൊണ്ടാവും പൊലീസ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. യുവതിയുടെ രഹസ്യമൊഴി 20നുള്ളില്‍ രേഖപ്പെടുത്തുമെന്നും പൊലീസ് കോടതിയില്‍ ഇന്ന് അറിയിക്കും.
തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് മലയാളം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പി.ടി.കുഞ്ഞുമുഹമ്മദും പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. ഈ ഹോട്ടലിലെ മുറിയില്‍ വെച്ച് സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണ് പരാതി.