'ആര്‍.എസ്.എസിനേയും പൊലീസിനേയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്'; എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
Kerala News
'ആര്‍.എസ്.എസിനേയും പൊലീസിനേയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്'; എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th January 2022, 4:37 pm

കട്ടപ്പന: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഐ.പി.സി 153 എ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ഉസ്മാനെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

ആര്‍.എസ്.എസിനേയും പൊലീസിനേയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് ഉസ്മാനെ അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം.

ആര്‍.എസ്.എസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയുള്ള മാധ്യമ വാര്‍ത്ത ഷെയര്‍ ചെയ്ത് പൊലിസിനേയും ആര്‍.എസ്.എസിനേയും വിമര്‍ശിച്ച് ഉസ്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന്റെ പേരിലാണ് കേസ് എന്നാണ് വിവരം.

‘കണ്ണൂരില്‍ പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ടുകൊടുക്കും’ എന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം വിളിക്കുന്ന വീഡിയോയും വിമര്‍ശനമുന്നയിച്ച് ഉസ്മാന്‍ കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്തിരുന്നു.

പൊലീസ് കേസെടുക്കാന്‍ കാരണമായി എന്ന് പറയപ്പെടുന്ന ഉസ്മാന്‍ കട്ടപ്പനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം (ജനുവരി നാലിന് വൈകീട്ട് എഴ് മണിക്ക് പങ്കുവെച്ചത്)

സംസ്ഥാനത്ത് നാളെ ആയുധങ്ങളടക്കം ശേഖരിച്ച് അവയുമായി പ്രകടനത്തിനെത്താന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഫോണും, സോഷ്യല്‍ മീഡിയയും ഒഴിവാക്കി നേതാക്കള്‍ നേരിട്ട് നിര്‍ദേശം കൊടുക്കുന്നു എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

പ്രശ്നരഹിതമായ സ്ഥലങ്ങളില്‍പ്പോലും കലാപങ്ങളുണ്ടാക്കാനുള്ള നീക്കമാണ് ആര്.എസ്.എസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പറയുന്നത് പോപുലര്‍ ഫ്രണ്ടല്ല..
സംസ്ഥാന ഇന്റലിജന്‍സ് ആണ്..
സി.പി.ഐ.എം കൊലപ്പെടുത്തിയ ജയകൃഷ്ണന്റെ അനുസ്മരണത്തിന്, അഞ്ചുനേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ലെന്നും, ബാങ്കുവിളിയും കേള്‍ക്കില്ലെന്നും മുസ്‌ലിങ്ങകള്‍ക്ക് നേരെ വിഷംചീറ്റിയ വര്‍ഗീയഭ്രാന്തന്മാര്‍, ഈ കലാപ ഒരുക്കത്തിലും ലക്ഷ്യംവെയ്ക്കുന്നത് മുസ്‌ലിങ്ങളെ ആയിരിക്കുമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാവും..

ഈ കലാപ ഒരുക്കങ്ങളെല്ലാം കണ്ടിരിക്കുമ്പോ നമ്മുടെ നാട്ടിലെ പൊലീസിന്റെയും, പൊതുബോധത്തിന്റെയും അണ്ണാക്കില്‍ പലതവണ നമ്മള്‍ കണ്ടതുപോലെ പഴംതിരുകി വെച്ചിരിക്കുകയാണ്..
ഒരുപക്ഷേ ആര്‍.എസ്.എസ് കലാപംതന്നെ നടത്തിയാലും ഇതുതന്നെയായിരിക്കും അവരുടെ നിലപാട്..
ഒടുവില്‍ ഏതെങ്കിലും ഭാഗത്തുനിന്നും പ്രതിരോധമുണ്ടായാല്‍ അപ്പോ സങ്കിയുടെ അമ്മയുടെ കണ്ണീരും, നാടിന്റെ സമാധാനത്തിന്റെ വെണ്ണീറും പറഞ്ഞുള്ള മോങ്ങലുകളുടെ ഘോഷയാത്രയുമായി വരവായിരിക്കും ഈപ്പറഞ്ഞ ആളുകള്‍ എല്ലാവരുംകൂടി..

സമാധാനം വേണമെങ്കില്‍ എല്ലാവര്‍ക്കും വേണം. ഇല്ലെങ്കില്‍ ആര്‍ക്കുംവേണ്ട എന്ന് തീരുമാനിക്കുക മാത്രമാണ് ഇങ്ങനെ ഒരുവിഭാഗത്തെ ലക്ഷ്യംവെച്ച് നിരന്തരം അക്രമണഭീഷണി മുഴക്കുന്ന സങ്കികള്‍ ഒരുവശത്തും, അതിനോട് പൂര്‍ണമായി സഹകരിച്ച് മിണ്ടാതിരിക്കുന്ന പൊതുബോധം ഒരുവശത്തും, ഇതൊക്കെ കണ്ടാലും നിസ്സംഗമായി നില്‍ക്കുന്ന പൊലീസും ഭരണകൂടവും മറ്റൊരുവശത്തും നില്‍ക്കുമ്പോ ഇതിന്റെയൊക്കെ നടുവില്‍ നില്‍ക്കുന്ന മുസ്‌ലിങ്ങളുടെ മുന്നിലുള്ള ഏകവഴി..

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Police have arrested an SDPI activist for posting on Facebook