അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു; ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി
Movie Day
അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു; ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd September 2022, 11:38 pm

സിനിമ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാരോപിച്ച് നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്.

വനിത കമ്മീഷനിലും പൊലീസിനുമാണ് യുവതി പരാതി നല്‍കിയത്. മരട് പൊലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്. തന്റെ പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നും പരാതിയില്‍ പറയുന്നു.

നടന്‍ പരസ്യമായി അപമാനിച്ചെന്നും അസഭ്യവര്‍ഷം നടത്തിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ പറയുന്നു. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തിയതെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഇവര്‍ ആരോപിക്കുന്നു.

സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.

പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത്. പരസ്യമായിസ്ത്രീത്വത്തെ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

അതേസമയം, ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി സിനിമയുടെ റിലീസ് വെള്ളിഴാഴ്ച തന്നെ നടക്കും. സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ പരിഗണിച്ച് ആദ്യ ഷോയുടെ സമയത്തില്‍ മാറ്റം വരുത്തി. വൈകിട്ട് 6 മണിക്ക് ശേഷമാകും ആദ്യ ഷോ നടക്കുകയെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

അഭിലാഷ് എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന ചട്ടമ്പി, ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് നിര്‍മിച്ചിരിക്കുന്നത്. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. ഡോണ്‍ പാലത്തറയുടെ കഥക്ക് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയായ അലക്സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ശ്രീനാഥ് ഭാസി സോളോ ഹീറോ വേഷത്തില്‍ ആദ്യമായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചട്ടമ്പിക്കുണ്ട്.കറിയ എന്ന കഥാപാത്രത്തെയാണ് ഭാസി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തിലെ ഇതുവരെ വന്നതില്‍ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കറിയ എന്ന ചട്ടമ്പിയിലെ നായകന്‍.