ട്രംപിനെ കാണാൻ പുടിൻ ഹംഗറിയിലേക്ക്; വ്യോമാതിർത്തി കടന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പോളണ്ട്
Trending
ട്രംപിനെ കാണാൻ പുടിൻ ഹംഗറിയിലേക്ക്; വ്യോമാതിർത്തി കടന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പോളണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st October 2025, 11:02 pm

ബുഡാപെസ്റ്റ്: ഹംഗറിയിലേക്കുള്ള യാത്രയിൽ തങ്ങളുടെ വ്യോമാതിർത്തികടന്നാൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ അറസ്റ്റ് ചെയ്യുമെന്ന് പോളണ്ട്.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഹംഗറിയിലേക്കുള്ള യാത്രാമധ്യേ പുടിൻ രാജ്യത്തിന്റെ അതിർത്തിയിലൂടെ കടന്നാൽ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് പോളിഷ് വിദേശകാര്യമന്ത്രി റഡോസ്ലാവ് സിക്കോർസ്‌കി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

പുടിൻ സഞ്ചരിക്കുന്ന വിമാനം തങ്ങളുടെ വ്യോമാതിർത്തി കടന്നാൽ വിമാനം താഴെയിറക്കി പുടിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര കോടതിക്ക് കൈമാറാൻ പോളിഷ് കോടതി ഉത്തരവിടില്ലെന്ന ഉറപ്പുനൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബുഡാപെസ്റ്റിലേക്ക് പുടിനുള്ള ക്ഷണം അരോചകമാണെന്നും സിക്കോർസ്‌കി കൂട്ടിച്ചേർത്തു.

വാറണ്ട് പ്രകാരം ഐ.സി.സിയിലെ അംഗരാജ്യങ്ങൾ പുടിനെ അറസ്റ്റ് ചെയ്യാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഉക്രേനിയൻ കുട്ടികളെ റഷ്യയിലേക്ക് നിയമവിരുദ്ധമായി നാടുകടത്തിയതിന് 2023 മുതൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പുടിനെതിരെ കേസുണ്ട്.

2022 ലെ റഷ്യ ഉക്രൈനിൽ നടത്തിയ അധിനിവേശത്തിനു ശേഷം പോളണ്ട് ഉൾപ്പടെയുള്ള എല്ലാ യൂറോപ്യൻ യൂണിയൻ അംഗങ്ങളും റഷ്യൻ വിമാനങ്ങളെ അവരുടെ വ്യോമാതിർത്തികളിൽ നിന്നും വിലക്കിയിരുന്നു.

ഈ സാഹചര്യത്തിൽ പുടിന് ഹംഗറിയിലേക്ക് എത്താൻ കഴിയുമോയെന്ന ഊഹാപോഹങ്ങൾക്കിടെയാണ് പോളിഷ് വിദേശകാര്യ മന്ത്രിയുടെ പരാമർശം.

അതേസമയം ഉച്ചകോടി ഹംഗറിയിൽ നടക്കുകയാണെങ്കിൽ പുടിനെ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കുമെന്ന് ബൾഗേറിയൻ വിദേശകാര്യ മന്ത്രി ജോർജ്ജ് ജോർജിയേവ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വെച്ച് പുടിനെ കാണുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു.

Content Highlight: Poland says they will arrest Putin if he crosses their airspace