ഫോണ്‍ ചോര്‍ത്തലില്‍ പി.വി. അന്‍വറിനെതിരെ വീണ്ടും കേസ്
Kerala
ഫോണ്‍ ചോര്‍ത്തലില്‍ പി.വി. അന്‍വറിനെതിരെ വീണ്ടും കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th August 2025, 9:57 pm

മലപ്പുറം: ഫോണ്‍ ചോര്‍ത്തലില്‍ നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം പൊലീസിന്റേതാണ് നടപടി.

കൊല്ലം സ്വദേശി മുരുഗേശ് നരേന്ദ്രന്റെ പരാതിയിലാണ് കേസെടുത്തത്. പി.വി. അന്‍വര്‍ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് കാണിച്ചാണ് മുരുഗേശ് പരാതി നല്‍കിയത്. നിലവില്‍ പൊലീസ് മുരുഗേശിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസിലെ അന്വേഷണത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് അതൃപ്തി അറിയിച്ചത്. അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് വളരെ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കേസ് അന്വേഷണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന് പി.വി. അന്‍വര്‍ വെളിപ്പെടുത്തിയത്.

ഇതേ തുടര്‍ന്ന് മുരുഗേശ് നരേന്ദ്രന്‍ അന്‍വറിനെതിരെ പരാതി നല്‍കുകയായിരുന്നു. ഡി.ജി.പിയ്ക്ക് അടക്കമാണ് മുരുഗേഷ് പരാതി കൈമാറിയിരുന്നത്. പിന്നീട് പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാണിച്ച് മുരുഗേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ പരാതി നല്‍കിയത്. പക്ഷേ അന്‍വറിനെതിരെ തെളിവുകള്‍ ഇല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ തെളിവുകള്‍ കണ്ടെത്തേണ്ടത് പരാതിക്കാരനല്ലെന്നും സര്‍ക്കാരാനാണെന്നും ചൂണ്ടിക്കാട്ടിയ കോടതി സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചിരുന്നു.

തുടര്‍ന്ന് കൊല്ലം സ്വദേശിയുടെ പരാതിയില്‍ ഡി.ജി.പി നിയമാനുസൃതമായ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെയും എസ്.ഒ.ജി കമാന്‍ഡിന്റെയും പരാതിയില്‍ അന്‍വറിനെതിരെ ഫോണ്‍ ചോര്‍ത്തലില്‍ കേസെടുത്തിരുന്നു.

അരീക്കോട് എം.എസ്.പി ക്യാമ്പില്‍ വെച്ചാണ് അന്‍വര്‍ ഫോണ്‍ കോള്‍ ചോര്‍ത്തിയത്. വിവരങ്ങള്‍ ചോര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ പി.വി. അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

മലപ്പുറം എസ്.പിയായിരുന്ന സുജിത്ത് ദാസിന്റെയും എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെയും അറിവോടെയാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നതെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അതേസമയം പി.വി. അന്‍വര്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തത്.

Content Highlight: Another case against PV Anvar in phone hacking