ന്യൂനപക്ഷ വർഗീയതയെ വളർത്തിയത് സി.പി.ഐ.എം; സജി ചെറിയാനെതിരെ പി.എം.എ സലാം
Kerala
ന്യൂനപക്ഷ വർഗീയതയെ വളർത്തിയത് സി.പി.ഐ.എം; സജി ചെറിയാനെതിരെ പി.എം.എ സലാം
മുഹമ്മദ് നബീല്‍
Monday, 19th January 2026, 11:46 am

കൊല്ലം: കേരളത്തിൽ ന്യൂനപക്ഷവർഗീയതയെ വളർത്തിയത് സി.പി.ഐ.എം ആണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.

മുസ്‌ലിം ലീഗിന്റേത് വർഗീയത പടർത്തുന്ന രാഷ്ട്രീയമാണെന്നും അത് മനസ്സിലാക്കാൻ മലപ്പുറത്തും കാസർഗോഡും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നും പറഞ്ഞ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സലാം.

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തിന് തീവ്രതപോരാ എന്ന് പറഞ്ഞ് യഥാർത്ഥ ന്യൂനപക്ഷ വർഗീയ പാർട്ടികളായ എസ്.ഡി.പി.ഐ യെയും പി.ഡി.പി യെയും വളർത്തിയത് സി.പി.ഐ.എം ആണെന്ന് അദ്ദേഹം പറഞ്ഞു.

പൊന്നാനിയിൽ പി.ഡി.പി സ്ഥാനാർത്ഥിയെ നിർത്തിയതും ഇലക്ഷൻ പ്രചരണം നടത്തിയതും അന്നത്തെ സി.പി.എം പാർട്ടിസെക്രട്ടറിയായിരുന്ന പിണറായി വിജയമാണെന്നും സലാം പറഞ്ഞു.

മുസ്‌ലിം ലീഗ് പല നിർണായക ഘട്ടങ്ങളിലും സ്വീകരിച്ച നിലപാട് മാതൃകാപരമായിരുന്നെന്നും മതേതരത്വത്തെ സംരക്ഷിക്കാൻ ലീഗ് ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു.

സാമൂഹിക സമവാക്യങ്ങൾ നോക്കിയാണ് രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തുന്നത്. സി.പി.ഐ.എമ്മും ബി.ജെ.പിയും അടക്കം എല്ലാ രാഷ്ട്രീയപാർട്ടികളും സ്വീകരിക്കുന്ന സമീപനമാണിത് ഇതിനെ വർഗീയമായി ചിത്രീകരിക്കുന്നത് തോൽവിഭയം കൊണ്ടാണെന്നും പറഞ്ഞ സലാം എ.കെ ബാലനെയും സജി ചെറിയാനെയും പൊതുജനം തള്ളിക്കളഞ്ഞതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞടുപ്പുഫലമെന്നും പറഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്തിൽ മതേതരത്വം പറഞ്ഞ സി.പി.ഐ.എമ്മിന്റെ ഒറ്റയാൾ ജയിച്ചോയെന്നായിരുന്നു ഇന്നും മാധ്യമങ്ങളോട് സംസാരിക്കവേ സജി ചെറിയാൻ ചോദിച്ചത്.

മുസ്‌ലിം ജനവിഭാഗത്തിൽ നിന്ന് സി.പി.ഐ.എമ്മിൽ മത്സരിച്ച പൊന്നാനിയിൽ പോലും തങ്ങൾ തോറ്റെന്നും സജി ചെറിയാൻ പറഞ്ഞു.

വർഗീയതയോട് സമരസപ്പെട്ടുപോകുന്ന സമീപനം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നടക്കുന്നു എന്ന കാഴ്ചപ്പാടാണ് പങ്കുവെച്ചതെന്നും
ഏതെങ്കിലും മതവിഭാഗത്തെ താൻ പറഞ്ഞിട്ടില്ലെന്നും ആ രീതിയിൽ വളച്ചൊടിക്കേണ്ടതില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

‘ഞാൻ അങ്ങേയറ്റം മതേതരവാദിയാണ്. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും എതിർക്കുന്ന ആളാണ്. നിഷ്പക്ഷമായി ജനങ്ങൾ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കണം. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസൽമാനും സമാധാനത്തോടെ കേരളത്തിൽ ജീവിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷണത്തെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടൽ ബി.ജെ.പിയുടെ ഭാഗത്ത് നിന്നോ സംഘപരിവാറിന്റെ ഭാഗത്ത് നിന്നോ ലീഗിന്റെ ഭാഗത്ത് നിന്നോ ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്ത് നിന്നോ വരുന്നു. അത് അപകടമാണെന്നാണ് ഞാൻ പറഞ്ഞത്,’ സജി ചെറിയാൻ പറഞ്ഞു.

 

Content Highlight: PMA salam against saji cheriyan’s comment

 

 

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം