കോഴിക്കോട്: പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് മറുപടിയുമായി ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടി തന്നെയാണ് പി.എം ശ്രീ പദ്ധതിയെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
‘ബഹുമനപ്പെട്ട ശിവന്‍കുട്ടി അവര്‍കള്‍, ഗാന്ധി ഘാതകന്‍ ഗോഡ്‌സെ അല്ലെന്ന് ആരെങ്കിലും പറഞ്ഞോ? ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന കള്ള പ്രചരണം പഠിപ്പിക്കാന്‍ വന്നേച്ചാല്‍ മതി അപ്പോ കാണാം’ എന്ന് കുറിച്ചുകൊണ്ടാണ് കെ. സുരേന്ദ്രന്റെ പോസ്റ്റ്. കേരളത്തിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കരിക്കുലത്തില്‍ ഇടപെടലുണ്ടാവുമെന്നും കാത്തിരുന്നു കാണാമെന്നും കെ. സുരേന്ദ്രന്‍ വെല്ലുവിളിച്ചു. പി.എം ശ്രീയില്‍ ഒപ്പുവെച്ചുവെന്ന് കരുതി കേന്ദ്ര സിലബസ് കേരളത്തില്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്ന വി. ശിവന്‍കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കെ. സുരേന്ദ്രന്റെ മറുപടി.
നേരത്തെ കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗേവറേയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചരണം മാത്രമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചത്.
‘പി.എം ശ്രീയില്‍ ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്രത്തിന് അടിയറ വെക്കാനല്ല. ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതണ്ട. സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെ എന്ന് തന്നെയായിരിക്കും,’ എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.
കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബി.ജെ.പി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വര്‍ഗീയവത്ക്കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Content Highlight: PM Shri MoU is a stepping stone towards NEP: K. Surendran