പി.എം ശ്രീ കേരളത്തിന് വേണ്ട; തടഞ്ഞുവെച്ച 1148 കോടി വിട്ടുതരണം: മന്ത്രി വി. ശിവൻകുട്ടി
Kerala
പി.എം ശ്രീ കേരളത്തിന് വേണ്ട; തടഞ്ഞുവെച്ച 1148 കോടി വിട്ടുതരണം: മന്ത്രി വി. ശിവൻകുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2025, 8:24 am

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി കേരളത്തിന് വേണ്ടെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സമഗ്രശിക്ഷാ പദ്ധതിയിൽ തടഞ്ഞുവെച്ച 1148 കോടി അടിയന്തിരമായി വിട്ടുതരണമെന്നും ശിവൻകുട്ടി പറഞ്ഞു.

തുടർനടപടി ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൺവെൻഷൻ വിളിക്കുമെന്നും കേന്ദ്ര സർക്കാരുമായി പ്രശ്‌നം വേണ്ടെന്ന നിഗമനത്തിലാണ് ഫണ്ട് തടഞ്ഞതിനെതിരെ സുപ്രീം കോടതിയിൽ പോകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022 ലെ ദേശീയ അധ്യാപക ദിനത്തിലാണ് 14,500 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പി.എം.ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് റൂമുകൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി, വിദ്യാർത്ഥികൾക്ക് കലാ-കായിക രംഗത്ത് മികച്ച പരിശീലനം എന്നിവയാണ് പദ്ധതി വഴി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.

പി.എം ശ്രീ പദ്ധതി വഴി ലക്ഷ്യമിടുന്ന വികസനങ്ങൾ ഇതിനകം കേരളത്തിലെ സ്‌കൂളുകൾ സ്വന്തമാക്കിയിട്ടുണ്ടെന്നും പി.എം ശ്രീ വഴി ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ശിവൻകുട്ടി പറയുന്നു. പി.എം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ സമഗ്രശിക്ഷാ പദ്ധതി വഴി കേരളത്തിന് അനുവദിക്കേണ്ട ഫണ്ട് അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024- 25 വർഷത്തിൽ സമഗ്രശിക്ഷാ വഴി 27,833 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയത്. ഉത്തർപ്രദേശിന് 4487 കോടിയും, ഗുജറാത്തിന് 847 കോടിയും ഝാർഖണ്ഡിന് 1073 കോടിയും കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം നൽകി. എന്നാൽ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ഒന്നും നൽകിയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

കുടിശിക ഉൾപ്പെടെ കേരളത്തിന് 1148 കോടി ലഭിക്കാനുണ്ടെന്നും കേന്ദ്രം ഫണ്ട് തടഞ്ഞതോടെ സമഗ്രശിക്ഷ പദ്ധതി വഴിയുള്ള കുട്ടികളുടെ യൂണിഫോം, പാഠപുസ്തകം, ഹോസ്റ്റലുകൾ എന്നിവയ്ക്കുള്ള ചിലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ ബി.ജെ.പി നേതൃത്വം കൂടിയറിഞ്ഞാണ് കേന്ദ്രം ഫണ്ട് തടഞ്ഞതെന്നും സംസ്ഥാന സർക്കാറിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു.

അതേസമയം, പി.എം. ശ്രീ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനത്തിലുൾപ്പെടെ ദേശീയ വിദ്യാഭ്യാസ നയവും വർഗീയ വത്കരണവും അടിച്ചേൽപ്പിക്കുന്നതുൾപ്പെടെയുള്ള അജൻണ്ടകളാണ് പദ്ധതിക്ക് പിന്നിലെന്ന ആരോപണത്തെത്തുടർന്ന് ആദ്യം മുതലേ ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകൾക്ക് പദ്ധതിയോട് എതിർപ്പുണ്ടായിരുന്നു. ദൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളാണ് പദ്ധതിയെ എതിർത്തത്.

രാജ്യത്ത് പത്ത് ലക്ഷത്തോളം പൊതുവിദ്യാലയങ്ങളുണ്ടെന്നും അതിൽ 14,500 വിദ്യാലയങ്ങളിൽ മാത്രം വികസനം നടപ്പാക്കിയത് കൊണ്ടായില്ലെന്നും കാണിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ പൊതുവിദ്യാലയങ്ങളെയും മികച്ച നിലവാരത്തിലെത്തിക്കാനുള്ള ശ്രമവും പദ്ധതിയുമാണ് രാജ്യത്തിന് വേണ്ടതെന്നും കെജ്‌രിവാൾ കത്തിൽ കൂട്ടിച്ചേർത്തിരുന്നു.

Content Highlight: PM Shri Kerala does not want it says Minister V. Sivankutty