തിരുവനന്തപുരം: പി.എം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിന് പിന്നാലെ തുടരുന്ന വിവാദങ്ങള്‍ക്കിടെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യുവും എം.എസ്.എഫും. ബുധനാഴ്ചയാണ് യു.ഡി.എസ്.എഫിന്റെ വിദ്യാഭ്യാസ ബന്ദ്.
പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിന് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് മുന്നണിയില്‍ നിന്നുതന്നെ ഉയരുന്നത്. എല്‍.ഡി.എഫിലെ രണ്ടാമത് ഏറ്റവും വലിയ ഘടകകക്ഷിയായ സി.പി.ഐ സര്‍ക്കാരിനെതിരെയും സി.പി.ഐ.എമ്മിനെതിരെയും പരസ്യമായി രംഗത്തുവന്നിരുന്നു. പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാണ് സി.പി.ഐ നിലപാട്.
ഇതിനിടെ സി.പി.ഐയെ അനുനയിപ്പിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ശ്രമവും വിഫലമായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
വിഷയത്തില്‍ നിലപാട് കടുപ്പിക്കാനാണ് സി.പി.ഐ ഒരുങ്ങുന്നത്. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നും സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നേക്കും.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ സി.പി.ഐ മന്ത്രിമാരുമായി ബിനോയ് വിശ്വം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സി.പി.ഐ കൈക്കൊണ്ടത്.