യു.എന്‍ പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മോദി ഉണ്ടാവില്ല; പകരം എസ്. ജയശങ്കര്‍
India
യു.എന്‍ പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മോദി ഉണ്ടാവില്ല; പകരം എസ്. ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th September 2025, 9:45 am

ന്യൂദല്‍ഹി: സെപ്റ്റംബര്‍ മാസം അവസാനം നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഉന്നതതല പൊതു ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പൊതു സഭയിലെ 80ാം സെഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. സെപ്റ്റംബര്‍ 27ന് എസ്. ജയശങ്കര്‍ സഭയെ അഭിസംബോധന ചെയ്യുമെന്നാണ് യു.എന്‍ പുറത്ത് വിട്ട പ്രഭാഷക്കരുടെ പുതുക്കിയ പ്രൊവിഷണല്‍ ലിസ്റ്റിലുള്ളത്.

നേരത്തെ, സെപ്റ്റംബര്‍ 26ന് പൊതുസഭയെ മോദി അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. അതേദിവസം, ഇസ്രഈല്‍, ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്‍മാരും ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും.

യു.എന്നിന്റെ ഉന്നതതല പൊതു ചര്‍ച്ച സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് നടക്കുക. ആദ്യ സെഷനില്‍ ബ്രസീല്‍ സഭയെ അഭിസംബോധന ചെയ്യും. രണ്ടാമതായി യു.എസും സംസാരിക്കും. ചര്‍ച്ചയില്‍ നിന്ന് മോദി വിട്ടുനില്‍ക്കുന്നതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങില്ല.


ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തീരുവ യുദ്ധം മുറുകുന്നതിനിടെയാണ് മോദി പൊതുചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയെയും റഷ്യയെയും ചൈനയുടെ ഇരുണ്ട ഗര്‍ത്തത്തില്‍ വെച്ച് നഷ്ടപ്പെട്ടുവെന്ന് ട്രംപ് പരിഹസിച്ചിരുന്നു.

പിന്നാലെ, രണ്ട് മാസത്തിനുള്ളില്‍ തീരുവ വിഷയത്തില്‍ ഇന്ത്യ ക്ഷമാപണം നടത്തുമെന്ന് യു.എസ് വാണിജ്യകാര്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക് പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ചുമത്തിയ 50 ശതമാനം തീരുവ തുടരുമെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, പിന്നീട് ട്രംപ് തന്നെ മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മോദി ഒരു മികച്ച നേതാവാണെന്നും ഇന്ത്യയുമായി യു.എസിന് നല്ല ബന്ധമാണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ മാത്രമാണ് എതിര്‍പ്പുള്ളതെന്നും ട്രംപ് വ്യക്തമാക്കി.

 

Content Highlight: PM Narendra Modi to skip General debate at UN Session, S Jayashankar likely to represent India