ബംഗാളില്‍ 15 വര്‍ഷത്തെ മഹാജംഗിള്‍രാജ് അവസാനിപ്പിക്കും; 830 കോടിയുടെ പദ്ധതിയുമായി ബംഗാള്‍ പിടിക്കാന്‍ മോദി
national news
ബംഗാളില്‍ 15 വര്‍ഷത്തെ മഹാജംഗിള്‍രാജ് അവസാനിപ്പിക്കും; 830 കോടിയുടെ പദ്ധതിയുമായി ബംഗാള്‍ പിടിക്കാന്‍ മോദി
ആദര്‍ശ് എം.കെ.
Monday, 19th January 2026, 7:22 am

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമത സര്‍ക്കാരിന്റെ 15 വര്‍ഷത്തെ മഹാജംഗിള്‍രാജിന് അന്ത്യം കുറിക്കാനുള്ള സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൂഗ്ലി ജില്ലയിലെ സിംഗൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

മമത സര്‍ക്കാറിന്റെ ദുര്‍ഭരണത്തില്‍ സംസ്ഥാനത്തെ ഓരോ ആളുകളും പൊറുതിമുട്ടിയെന്നും, ബംഗാളിന് ഇനി വേണ്ടത് യഥാര്‍ത്ഥ മാറ്റമാണെന്നും പ്രധാനമന്ത്രി റാലിയില്‍ പറഞ്ഞു.

ബംഗാളിലെ യുവാക്കളുടെയും സ്ത്രീകളുടെയും കര്‍ഷകരുടെയും ശത്രുവാണ് തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമബംഗാളിലെ വികസനം വേഗത്തിലാക്കാന്‍ ബി.ജെ.പിക്ക് മാത്രമേ സാധിക്കൂ. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ പശ്ചിമബംഗാളില്‍ തടസ്സപ്പെടുത്തുന്ന സമീപനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ബീഹാറിലെ ജംഗിള്‍രാജിനെ അന്ത്യം കുറിച്ചതുപോലെ ബംഗാളിലും ജനങ്ങള്‍ വലിയൊരു മാറ്റത്തിന് തയ്യാറായിക്കഴിഞ്ഞു. ദല്‍ഹിയില്‍ മുമ്പുണ്ടായിരുിന്ന സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ ഓരോന്നായി അട്ടിമറിച്ചുവെന്നും എന്നാല്‍ ബി.ജെ.പിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സ്ഥിതി മാറിയെന്നും ആം ആദ്മി പാര്‍ട്ടിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം മുമ്പില്‍ കണ്ട് മമത സര്‍ക്കാര്‍ രാജ്യത്തിന്റെ സുരക്ഷ പോലും മറന്ന് നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

‘വ്യാജ രേഖകളുമായി ബംഗാളില്‍ താമസിക്കുന്നവരെ തിരിച്ചറിഞ്ഞ് അവരവരുടെ നാട്ടിലേക്ക് തിരിച്ചയക്കണം,’ മോദി പറഞ്ഞു.

അതിര്‍ത്തിയില്‍ വേലി കെട്ടാന്‍ കേന്ദ്രം ഭൂമി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നും മോദി ആരോപിച്ചു.

ബംഗാളിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ ശിക്ഷിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

‘ബംഗാള്‍ ജനതയുടെ താത്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ശിക്ഷിക്കേണ്ടതല്ലേ,’ അദ്ദേഹം ചോദിച്ചു.

കേന്ദ്ര ആനുകൂല്യങ്ങള്‍ ബംഗാളിലെ ജനങ്ങളിലേക്ക് എത്തുന്നത് ടി.എം.സി സര്‍ക്കാര്‍ തടയുകയാണെന്നും ബംഗാളിലെ ജനതയെ സേവിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും മോദി പറഞ്ഞു.

അതേസമയം, 830 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി സിംഗൂരില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു.

കൊല്‍ക്കത്തയെ ന്യൂദല്‍ഹി, വാരാണസി, ചെന്നൈ എന്നിവയുമായി ബന്ധിപ്പിക്കുന്ന മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ്, ബാലഗഡ് ഉള്‍നാടന്‍ ജലഗതാഗത ടെര്‍മിനലിനായി കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച അത്യാധുനിക ഇലക്ട്രിക് കാറ്റമാരന്റെ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ശാന്തനു താക്കുര്‍, സുകാന്ത മജുംദാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

Content Highlight: PM Narendra Modi accuses TMC for aiding infiltrators

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.