മോദിക്കെതിരെ പറയുന്നത് രാജ്യദ്രോഹക്കുറ്റമാകില്ല, അത് അപകീര്‍ത്തിപ്പെടുത്തല്‍ മാത്രമാണ്: കര്‍ണാടക ഹൈക്കോടതി
national news
മോദിക്കെതിരെ പറയുന്നത് രാജ്യദ്രോഹക്കുറ്റമാകില്ല, അത് അപകീര്‍ത്തിപ്പെടുത്തല്‍ മാത്രമാണ്: കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th July 2023, 3:01 pm

ബെംഗളൂരു: പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതും അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നതും രാജ്യദ്രോഹ കുറ്റമായി കാണാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. സര്‍ക്കാരിനെതിരെ ക്രിയാത്മകമായ വിമര്‍ശനം അനുവദനീയമാണെന്നും കോടതി വ്യക്തമാക്കി.

കര്‍ണാടകയിലെ ബിദറിലുള്ള ഷഹീന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അംഗങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പൊലീസ് നടപടി റദ്ദാക്കിയ ഉത്തരവിലായിരുന്നു ജസ്റ്റിസ് ഹേമന്ത് ചന്ദന്‍ഗൗഡറിന്റെ ഈ നിരീക്ഷണം.

‘പ്രധാനമന്ത്രിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന തരത്തിലുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും നിരുത്തരവാദപരവുമാണ്. എന്നാല്‍ സര്‍ക്കാരിനെതിരെ ക്രിയാത്മകമായ വിമര്‍ശനം അനുവദനീയമാണ്.

ഭരണഘടനാപരമായ അധികാര കേന്ദ്രങ്ങളില്‍ ഉള്ളവര്‍ നയപരമായ തീരുമാനമെടുക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ക്ക് എതിര്‍പ്പുണ്ടാകാം. എങ്കിലും അവരെ അപമാനിക്കാന്‍ പാടില്ല,’ ജസ്റ്റിസ് ഹേമന്ത് ചന്ദന്‍ഗൗഡര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് കൊണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തത്. ഐ.പി.സി സെക്ഷന്‍ 153 (എ) പ്രകാരം മതവിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന കാര്യങ്ങളൊന്നും കേസില്‍ കണ്ടെത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ബിദറിലെ ഷഹീന്‍ സ്‌കൂളിലെ നാല് മാനേജ്മെന്റ് അംഗങ്ങള്‍ക്കെതിരെ ന്യൂ ടൗണ്‍ പൊലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ ആണ് ഹൈക്കോടതി റദ്ദാക്കിയത്. അല്ലാവുദ്ദീന്‍, അബ്ദുള്‍ ഖാലിഖ്, മുഹമ്മദ് ബിലാല്‍ ഇനാംദാര്‍, മുഹമ്മദ് മെഹതാബ് എന്നിവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്.

കുട്ടികളെ അക്രമത്തിലേര്‍പ്പെടാനോ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനോ പ്രേരിപ്പിക്കുന്ന വാക്കുകളൊന്നും നാടകത്തില്‍ പറയുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ പരിസരത്താണ് നാടകം അവതരിപ്പിച്ചിട്ടുള്ളത്.

കുട്ടികളുടെ നാടകത്തില്‍ സര്‍ക്കാരിന്റെ വിവിധ നിയമങ്ങളെ വിമര്‍ശിക്കുന്നുണ്ട്. ചില നിയമങ്ങള്‍ നടപ്പിലാക്കിയാല്‍ മുസ്‌ലിങ്ങള്‍ക്ക് രാജ്യം വിടേണ്ടി വന്നേക്കാമെന്നും പറയുന്നു.

എന്നാല്‍ അതിലൂടെ സര്‍ക്കാരിനെതിരെ അക്രമം നടത്താന്‍ ജനങ്ങളെ ഇളക്കിവിടുന്നുവെന്ന തരത്തിലൊരു ആരോപണം ഉയര്‍ത്തുന്നതില്‍ പ്രസക്തിയില്ലെന്നും ഹൈക്കോടതി വിധിന്യായത്തില്‍ വിശദീകരിച്ചു.

Content Highlights: pm modi slap comment cannot be seen as sedition charge