കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
പുര്‍ബ മേദിനിപൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ബംഗാളിലെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് പ്രഖ്യാപനങ്ങളെന്ന് മോദി പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുമെന്ന ഉറപ്പിനൊപ്പം, തൃണമൂല്‍ ഭരണത്തിലെ അഴിമതിക്കും അക്രമങ്ങള്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും തെളിയിക്കപ്പെടാത്ത ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെടെ പുനരന്വേഷണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭയത്തിന്റെ അന്തരീക്ഷം അവസാനിപ്പിക്കുമെന്നും ജനങ്ങള്‍ക്ക് നിയമവാഴ്ചയില്‍ വിശ്വാസം തിരിച്ചുകൊണ്ടുവരുന്ന രീതിയിലുള്ള ഭരണമാറ്റമായിരിക്കും ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
ഉദ്യോഗസ്ഥ ഭരണസംവിധാനത്തെ പൂര്‍ണ്ണമായും ജനകീയമാക്കും. പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിലും പരാതികള്‍ പരിഹരിക്കുന്നതിലും ഭരണകൂടം പൂര്‍ണ്ണമായും ഉത്തരം നല്‍കാന്‍ ബാധ്യസ്ഥമായിരിക്കും.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. അടച്ചുപൂട്ടിയ എല്ലാ ബലാത്സംഗ കേസുകളും അഴിമതി ഫയലുകളും വീണ്ടും തുറക്കും. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കും, മോദി പറഞ്ഞു.
തൃണമൂല്‍ ഭരണത്തിന് കീഴില്‍ നടന്ന അഴിമതികളില്‍ പങ്കാളികളായ ആരെയും വെറുതെ വിടില്ലെന്നും അത് ഉന്നതരായ മന്ത്രിമാരായാലും താഴേത്തട്ടിലുള്ളവരായാലും നിയമം ഒരുപോലെ നടപ്പിലാക്കുമെന്നും തൃണമൂല്‍ ‘ഗുണ്ടകള്‍ക്ക്’ ഇനി സംരക്ഷണം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി എത്തിയ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും. അതേസമയം, രാജ്യത്ത് എത്തിയ യഥാര്‍ത്ഥ അഭയാര്‍ത്ഥികള്‍ക്ക് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ബി.ജെ.പി സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.
ഏറെ കാലമായുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം പരിഗണിച്ച്, ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന ആദ്യ നിമിഷം തന്നെ ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.
മമത ബാനര്‍ജിയുടെ ഭരണത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി, കേന്ദ്രവും സംസ്ഥാനവും ഒരേ ദിശയില്‍ പ്രവര്‍ത്തിക്കുന്ന ‘ഇരട്ട എഞ്ചിന്‍’ ഭരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
‘കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ സര്‍ക്കാര്‍ വന്നാല്‍ മാത്രമേ വികസനത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തുകയുള്ളൂ. ബംഗാളിന്റെ സമുദ്രോത്പന്ന-മത്സ്യബന്ധന മേഖലകളെ സ്വയംപര്യാപ്തമാക്കാന്‍ ഇത്തരം ഒരു ഭരണമാറ്റം അനിവാര്യമാണ്.’ നരേന്ദ്ര മോദി പറഞ്ഞു.
കേരളവും അസവും പുതുച്ചേരിയും ഇന്ന് വിധിയെഴുമ്പോള്‍ ഏപ്രില്‍ 23, 29 തീയതികളിലായി രണ്ട് ഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ഫലം മെയ് 4-ന് പുറത്തുവരും.
Content Highlight: PM Modi makes 6 big promises to Bengal: 7th pay commission; ‘every rape case to reopen’