ഹോളിവുഡിലെയും ബോളിവുഡിലേയും അശ്ലീലത പാക് ചലച്ചിത്രങ്ങളിലും കണ്ടുവരുന്നു; വീണ്ടും വിവാദപ്രസ്താവനയുമായി ഇമ്രാന്‍ ഖാന്‍
World News
ഹോളിവുഡിലെയും ബോളിവുഡിലേയും അശ്ലീലത പാക് ചലച്ചിത്രങ്ങളിലും കണ്ടുവരുന്നു; വീണ്ടും വിവാദപ്രസ്താവനയുമായി ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th June 2021, 11:17 pm

ഇസ്ലാമാബാദ്: ഹോളിവുഡിലേയും ബോളിവുഡിലേയും ചിത്രങ്ങളിലെ അശ്ലീലതയുടെ സ്വാധീനം പാകിസ്ഥാനിലെ ചലച്ചിത്രങ്ങളിലുമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

നാഷണല്‍ അമച്വര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. യഥാര്‍ത്ഥ സംഭവങ്ങളെ നല്ലരീതിയില്‍ ചിത്രീകരിക്കുകയാണ് വേണ്ടതെന്നും സിനിമാ നിര്‍മ്മാണത്തില്‍ പുതിയ രീതികള്‍ അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘സ്വാഭാവികത നിലനിര്‍ത്തിയുള്ള സിനിമകളാണ് വേണ്ടത്. പുതിയരീതിയിലുള്ള ചിന്താഗതികളാണ് സിനിമകളില്‍ നിന്നുണ്ടാകേണ്ടത്. ഹോളിവുഡില്‍ നിന്നാണ് അശ്ലീലതയുടെ തുടക്കം. പിന്നീട് അത് ബോളിവുഡും ഏറ്റെടുത്തു. ഇപ്പോഴിതാ പാക് ചലച്ചിത്രങ്ങളിലും അത്തരം ശീലങ്ങള്‍ കണ്ടുവരുന്നു,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരിലും ഇമ്രാന്‍ ഖാന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവുമാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ആക്സിയോസ് എച്ച്.ബി.ഒയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.

മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന വസ്ത്രധാരണം ഒഴിവാക്കുന്നതിലൂടെ മാത്രമെ ഇത്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ കഴിയുള്ളുവെന്നാണ് ഇമ്രാന്റെ പ്രസ്താവന.

‘പര്‍ദ്ദ എന്ന ആശയമാണ് ഞാന്‍ മുന്നോട്ട് വെയ്ക്കുന്നത്. സമൂഹത്തില്‍ പ്രകോപനമുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനില്‍ ഡിസ്‌കോ ക്ലബ്ബുകളോ, നൈറ്റ് പാര്‍ട്ടികളോ ഇല്ല. വളരെ വ്യത്യസ്തമായ രീതിയില്‍ ജീവിക്കുന്ന സമൂഹമാണ് ഇവിടെ. അങ്ങനെയുള്ള സമൂഹത്തില്‍ പ്രകോപനമുണ്ടാക്കിയാല്‍ എന്താകും അവസ്ഥ,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമങ്ങള്‍ക്ക് വഴിവെയ്ക്കുമോ എന്ന ചോദ്യത്തിന്, സ്ത്രീകള്‍ അല്പവസ്ത്രധാരികളായി നടന്നാല്‍ അത് സമൂഹത്തെ പ്രകോപിപ്പിക്കുമെന്നും പുരുഷന്‍മാര്‍ റോബോട്ടുകളൊന്നുമല്ല ഒന്നും തോന്നാതിരിക്കാനെന്നുമായിരുന്നു ഇമ്രാന്റെ മറുപടി.

എന്നാല്‍ ഔദ്യോഗിക കണക്കുപ്രകാരം പാകിസ്ഥാനില്‍ ഒരു ദിവസം 11 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 22000ത്തോളം ബലാത്സംഗ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ശിക്ഷ ലഭിച്ചത് വെറും 77 പേര്‍ക്ക് മാത്രമാണെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: PM Imran Khan Says Pakistan Film Industry was Influenced by Vulgarity Says Imran Khan