യുവാക്കളെ സ്വര്‍ണ്ണക്കടത്തിനായി സി.പി.ഐ.എം. ഉപയോഗിക്കുന്നു'; അര്‍ജുന്‍ ആയങ്കി റെഡ് വളണ്ടിയര്‍ ക്യാപ്റ്റനായതെങ്ങനെയെന്ന് കെ.കെ. രമ
Kerala News
യുവാക്കളെ സ്വര്‍ണ്ണക്കടത്തിനായി സി.പി.ഐ.എം. ഉപയോഗിക്കുന്നു'; അര്‍ജുന്‍ ആയങ്കി റെഡ് വളണ്ടിയര്‍ ക്യാപ്റ്റനായതെങ്ങനെയെന്ന് കെ.കെ. രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th June 2021, 9:37 pm

തിരുവനന്തപുരം: യുവാക്കളെ സ്വര്‍ണ്ണക്കടത്തിനായി സി.പി.ഐ.എം. ഉപയോഗിക്കുന്നുവെന്ന് വടകര എം.എല്‍.എ. കെ.കെ. രമ. കൃത്യമായ പരിശീലനം നല്‍കി പാര്‍ട്ടി തീരുമാനിക്കുന്ന ആളുകളെയാണ് റെഡ് വളണ്ടിയര്‍ ആക്കുന്നതെന്നും രമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു രമയുടെ പരാമര്‍ശം.

‘സ്വര്‍ണ്ണക്കടത്തിനായി സി.പി.ഐ.എം. യുവാക്കളെ ഉപയോഗിക്കുകയാണ്. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കി റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ആയത് എങ്ങനെയാണ്? ഇത്തരം പശ്ചാത്തലത്തിലുള്ളവര്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് എത്തുന്നതിന് സി.പി.ഐ.എം. മറുപടി പറയണം. ചെറുപ്പക്കാര്‍ ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാകുന്നു. ഇത് നിസാരമായി കാണാനാവില്ല,’ രമ പറഞ്ഞു.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കസ്റ്റംസാണ് അര്‍ജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ കസ്റ്റംസ് യൂണിറ്റ് ഇയാളെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു.

തിങ്കളാഴ്ചയാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായത്. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന് മുന്നിലാണ് അര്‍ജുന്‍ ഹാജരായത്.

തന്റെ അഭിഭാഷകര്‍ക്കൊപ്പമായിരുന്നു അര്‍ജുന്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അര്‍ജുന് കഴിഞ്ഞ ദിവസം കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.

രണ്ടര കിലോയോളം സ്വര്‍ണ്ണം കടത്തിയതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ ഷഫീഖിന്റെ മൊഴി പ്രകാരം അര്‍ജുന്‍ ആണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍. മുഹമ്മദ് ഷഫീഖ് കാരിയര്‍ മാത്രമായിരുന്നു എന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തിന് രാമനാട്ടുകര വെച്ചുണ്ടായ വാഹനാപകടവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘം അര്‍ജുന്‍ സഞ്ചരിച്ച കാറിനെയാണ് പിന്തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിയിലായ ഷഫീഖുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സൂചന നല്‍കുന്നു.

എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായത് അറിഞ്ഞ അര്‍ജുനും സംഘവും കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരുടെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന് കരുതി ചെര്‍പ്പുളശ്ശേരി സംഘം ഇവരെ പിന്തുടര്‍ന്നത്. ഇതേത്തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടം നടന്ന ദിവസം മുതല്‍ അര്‍ജുന്‍ ഒളിവിലായിരുന്നു.

അര്‍ജുന്‍ ആയങ്കിയാണ് സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ നിരന്തരം അര്‍ജുന്‍ ആയങ്കിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആളുടെ അറിവോടെയാണ് അര്‍ജുന്‍ ആയങ്കി കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.

ചുവന്ന സ്വിഫ്റ്റ് കാറില്‍ ആയങ്കി സംഭവ സ്ഥലത്ത് എത്തിയ സി.സി.ടിവി. ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കപ്പക്കടവിലെ വീട്ടില്‍ കസ്റ്റംസ് എത്തിയത്. എന്നാല്‍ റെയ്ഡിനെത്തിയ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.

നേരത്തെ സ്വര്‍ണക്കടത്തിന് അര്‍ജുന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഡി.വൈ.എഫ്.ഐ. നേതാവ് സി. സജേഷിന്റെതാണ് കാറെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ സി. സജേഷിനെ ഡി.വൈ.എഫ്.ഐ. പുറത്താക്കി.സംഘടനയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നും സജേഷ് സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എം. ഷാജര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ അര്‍ജുന്‍ മൂന്നു വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐ.യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. എന്നാല്‍, തന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ കാര്‍ കൊണ്ടുപോയത് എന്നുകാട്ടി ആര്‍.സി. ഉടമയായ സജേഷ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. കോയ്യോട് സര്‍വീസ് സഹകരണ ബാങ്കില്‍ അപ്രൈസറായ സജേഷ് ഡി.വൈ.എഫ്.ഐ. അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയിലും സി.പി.ഐ.എം. മൊയാരം ബ്രാഞ്ചിലും അംഗമാണ്.

സി.പി.ഐ.എമ്മുമായി അര്‍ജുന്‍ ആയങ്കിയ്ക്ക് ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇവരെ തള്ളി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ മറയാക്കി ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും രാഷ്ട്രീയ പ്രചാരവേല നടത്താന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെയും ഏല്‍പ്പിച്ചിട്ടില്ലെന്നാണ് എം.വി. ജയരാജന്‍ പറഞ്ഞത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: K K Rama On Ramanattukara Gold Smuggling