കോട്ടയം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ. മാണി. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോടും എല്‍.ഡിഎ.ഫ് കണ്‍വീനറോടും ആവശ്യപ്പെട്ടെന്ന് ജോസ് കെ മാണി അറിയിച്ചു.
‘മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും അവര്‍ ആഗ്രഹിച്ച വിഷയം ലഭിച്ചിട്ടില്ല. നിലവിലെ സീറ്റുനില വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല,’ ജോസ് കെ. മാണി പറഞ്ഞു.
ഈ വര്‍ഷം എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകളില്‍ മികച്ച വിജയമാണ് വിദ്യാര്‍ത്ഥികള്‍ നേടിയിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമുള്ള ജില്ലയായി മാറിയത് പാലാ വിദ്യാഭ്യാസ ജില്ലയാണ്.
ഇതില്‍ 25 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോഴ്സിന് പോലും അഡ്മിഷന് ലഭിക്കാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സീറ്റ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഈയാഴ്ച അന്തിമ തീരുമാനമെടുക്കും. താല്‍ക്കാലിക അഡീഷനല്‍ ബാച്ചുകള്‍, സീറ്റുകളില്‍ ആനുപാതിക വര്‍ധന എന്നീ നിര്‍ദേശങ്ങളാണു മുന്നിലുള്ളത്.
രണ്ടാംഘട്ട അലോട്മെന്റിലെ 85% സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിക്കഴിഞ്ഞു. 21 വരെയാണ് അപേക്ഷിക്കാനുള്ള സമയം. അതിന് ശേഷം എത്ര പേര്‍ക്ക് സീറ്റ് ലഭിക്കാന്‍ ബാക്കിയുണ്ടെന്നത് പരിഗണിച്ചാകും തീരുമാനം.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു സീറ്റ് ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ബാക്കിയുള്ളതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഹയര്‍സെക്കണ്ടറി സ്ക്കൂളുകളിലെ സീറ്റുകളും, ബാച്ചുകളും വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി കണ്‍വീനറുമായും, വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തി. ഈ വര്‍ഷം എസ്.എസ്.എല്‍സി, സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷകളില്‍ മികച്ച വിജയമാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ നേടിയിട്ടുള്ളത്.
ഇവരില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും അവര്‍ ആഗ്രഹിച്ച വിഷയം ലഭിച്ചിട്ടില്ല. നിലവിലെ സീറ്റ് നില വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല.
ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള ജില്ലയായി മാറിയത് പാലാ വിദ്യാഭ്യാസ ജില്ലയാണ്. 99.17 ശതമാനം എന്ന റെക്കാര്‍ഡാണ് പാലാ വിദ്യാഭ്യാസജില്ല നേടിയത്.
ഇതില്‍ ഏകദേശം 25 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോഴ്സിന് പോലും അഡ്മിഷന് ലഭിക്കാത്ത സ്ഥിതിയാണ്. ആയതിനാല്‍ ഹയര്‍സെക്കണ്ടി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.