ആയിരം ഗാനങ്ങള്‍ക്ക് തുല്യമാണ് രാഘവന്‍മാസ്റ്ററുടെ ആ ഗാനം: ലതിക
Entertainment
ആയിരം ഗാനങ്ങള്‍ക്ക് തുല്യമാണ് രാഘവന്‍മാസ്റ്ററുടെ ആ ഗാനം: ലതിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th March 2025, 9:51 am

നിരവധി ഗാനങ്ങളിലൂടെ മലയാള സംഗീത ആസ്വാദകരുടെ മനസില്‍ ഇടംനേടിയ ഗായികയാണ് ലതിക. എന്നാല്‍ മലയാളത്തില്‍ വേണ്ടത്ര തിളങ്ങാന്‍ ലതികയ്ക്ക് സാധിച്ചിരുന്നില്ല. കാതോട് കാതോരം, ദേവദൂതര്‍ പാടി, പൂ വേണം പൂപ്പട വേണം തുടങ്ങി നിരവധി ജനപ്രിയ ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് പാടി നല്‍കിയ വ്യക്തികൂടിയാണ് ലതിക. സംവിധായകന്‍ ഭരതന്റെ ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു അക്കാലത്ത് ലതിക.

നിരവധി സംഗീതസംവിധായകരുടെ ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ രാഘവന്‍ മാസ്റ്റര്‍ സംഗീത സംവിധാനം ചെയ്ത ഒരു ഗാനം മാത്രമാണ് പാടാന്‍ കഴിഞ്ഞതെന്നും ലതിക പറയുന്നു. അത് തനിക്ക് ലഭിച്ച ഭാഗ്യമാണെന്നും ആയിരം പാട്ടുകള്‍ക്ക് തുല്യമായി ആ പാട്ടിനെ കാണുന്നുവെന്നും പറയുകയാണ് ലതിക.

‘രാഘവന്‍മാസ്റ്ററുടെ ശിക്ഷണത്തില്‍ ‘നിലാവിന്റെ പൂങ്കാവില്‍’ എന്ന ഒറ്റ ഗാനമാണ് ആലപിച്ചത്. പക്ഷേ, ആയിരം ഗാനങ്ങള്‍ക്ക് തുല്യമായി ഈ ഗാനത്തെ കാണുന്നു. കണ്ണൂര്‍ രാജേട്ടനാണ് എന്നെ കണ്ടെത്തിയത്,’ ലതിക പറയുന്നു.

കെ. രാഘവന്‍ മാസ്റ്റര്‍, ജോണ്‍സണ്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍, എസ്.പി. വെങ്കടേഷ്, ഗുണസിങ് തുടങ്ങിയവരുടെ ആദ്യകാല ഗാനങ്ങള്‍ ആലപിക്കാന്‍ അവസരം കിട്ടിയത് ഭാഗ്യമാണെന്നും ലതിക പറഞ്ഞു. അഭിനന്ദനത്തിലെ ‘പുഷ്പതല്പത്തില്‍ നീ വീണുറങ്ങി’ എന്ന തമ്പി സാറിന്റെ ഗാനം പാടിയാണ് സിനിമയിലേക്ക് വന്നതെന്നും അത് മറ്റൊരു മഹാഭാഗ്യമാണെന്നും ഗായിക പറഞ്ഞു.

‘കെ. രാഘവന്‍ മാസ്റ്റര്‍, ജോണ്‍സണ്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍, എസ്.പി. വെങ്കടേഷ്, ഗുണസിങ് തുടങ്ങിയവരുടെ ആദ്യകാല ഗാനങ്ങള്‍ ആലപിക്കാന്‍ അവസരം കിട്ടിയത് ഭാഗ്യമാണ്. അഭിനന്ദനത്തിലെ പുഷ്പതല്പത്തില്‍ നീ വീണുറങ്ങി എന്ന തമ്പിസാറിന്റെ ഗാനം പാടിയാണ് സിനിമയിലേക്ക് ചുവടിട്ടത്. അത് മറ്റൊരു മഹാഭാഗ്യം,’ ലതിക പറയുന്നു.

Content Highlight: playback singer lathika says about ravindranmaster song