അമേരിക്കന്‍ സൈന്യത്തിനുണ്ടായ നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിടില്ല; ട്രംപിന്റെ നിര്‍ദേശം പാലിച്ച് പ്ലാനറ്റ് ലാബ്‌സ്
World News
അമേരിക്കന്‍ സൈന്യത്തിനുണ്ടായ നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിടില്ല; ട്രംപിന്റെ നിര്‍ദേശം പാലിച്ച് പ്ലാനറ്റ് ലാബ്‌സ്
ആദര്‍ശ് എം.കെ.
Monday, 6th April 2026, 8:12 am

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക അമേരിക്കയുടെയും ഇസ്രഈലിന്റെയും സംയുക്ത നടപടികള്‍ തുടരുന്നതിനിടെ, അമേരിക്കന്‍ സൈന്യത്തിനുണ്ടായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിടുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി പ്രമുഖ ഉപഗ്രഹ ചിത്ര കമ്പനിയായ പ്ലാനറ്റ് ലാബ്‌സ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സെന്‍സര്‍ഷിപ്പ് ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി.

സുരക്ഷാ ഭീഷണിയുണ്ടാക്കാത്ത രീതിയില്‍ ‘ചിത്രങ്ങളുടെ നിയന്ത്രിത വിതരണം’ എന്ന രീതിയിലേക്ക് മാറുന്നതായി കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

‘ഇത് അസാധാരണമായ സാഹചര്യങ്ങളാണ്, ഞങ്ങളുടെ എല്ലാ പങ്കാളികളുടെയും ആവശ്യങ്ങള്‍ സന്തുലിതമാക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുന്നു,’ പ്ലാനറ്റ് ലാബ്‌സ് പറഞ്ഞു.

അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ക്കോ പൊതുതാത്പര്യമുള്ള കാര്യങ്ങള്‍ക്കോ വേണ്ടി മാത്രമേ ഇനി മുതല്‍ ചിത്രങ്ങള്‍ ഓരോന്നായി പരിശോധിച്ച ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂ എന്ന് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പ്ലാനറ്റ് ലാബ്‌സ് വ്യക്തമാക്കി.

ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ശത്രുരാജ്യങ്ങള്‍ അമേരിക്കയെയും രാജ്യത്തിന്റെ സഖ്യകക്ഷികളെയും ആക്രമിക്കുന്നത് തടയാനാണ് ഈ നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം.

മാര്‍ച്ച് ഒമ്പത് മുതലുള്ള ദൃശ്യങ്ങള്‍ക്കാണ് നിലവില്‍ ഈ നിയന്ത്രണം ബാധകമാവുക. നിലവിലെ യുദ്ധം അവസാനിക്കുന്നത് വരെ ഈ നയം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ, പേര്‍ഷ്യന്‍ ഗള്‍ഫ്, പശ്ചിമേഷ്യന്‍ മേഖലകളിലെ ചിത്രങ്ങള്‍ നല്‍കുന്നതിന് കമ്പനി 14 ദിവസത്തെ കാലതാമസം ഏര്‍പ്പെടുത്തിയിരുന്നു. അതിന് മുന്‍പ് ഇത് 96 മണിക്കൂര്‍ മാത്രമായിരുന്നു.

 

Content highlight:  Planet Labs Censorship of US Military Losses in Iran War

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.