കാന്തപുരത്തെ കുറിച്ചെഴുതിയ പുസ്തകഭാഗം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നു; മാന്യമായ പ്രതിഫലവും നല്‍കിയില്ല: ആദില ഹുസൈന്‍
Kerala
കാന്തപുരത്തെ കുറിച്ചെഴുതിയ പുസ്തകഭാഗം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നു; മാന്യമായ പ്രതിഫലവും നല്‍കിയില്ല: ആദില ഹുസൈന്‍
അനിത സി
Monday, 22nd September 2025, 6:56 pm

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ കുറിച്ച് പുറത്തിറങ്ങാനിരിക്കുന്ന ആദ്യഇംഗ്ലീഷ് ജീവചരിത്രമായ ‘വണ്‍ ടൈം വണ്‍ ലൈഫ്; ദ് ഇന്‍ക്രഡിബിള്‍ സ്റ്റോറി ഓഫ് ദി ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പബ്ലിഷേഴ്‌സിന് എതിരെ എഴുത്തുകാരിയും ഗവേഷകയുമായ ആദില ഹുസൈന്‍. ദല്‍ഹി ആസ്ഥാനമായ മാജിക് മൂണ്‍ പബ്ലിഷേഴ്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.

ഈ പബ്ലിഷേഴ്‌സ് താന്‍ എഴുതി നല്‍കിയ പല ചാപ്റ്ററുകളും മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആദില ആരോപിച്ചു. ഈ പുസ്തകത്തിന്റെ കഴിഞ്ഞകാലത്തെ എല്ലാ വേര്‍ഷന്‍സും തന്റെ കൈയില്‍ ഉണ്ടെന്ന് ആദില വിശദീകരിച്ചു. അതിലൊന്നിന്റെ ഫസ്റ്റ് പേജുള്‍പ്പടെയുള്ള തെളിവുകള്‍ ആദില ഹുസൈന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

മാജിക് മൂണ്‍ പബ്ലിഷേഴ്‌സിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന യാസര്‍ അറഫാത്തും മുഹ്‌സിനും ഇംഗ്ലീഷില്‍ കാന്തപുരത്തിന്റെ ജീവചരിത്രം തയ്യാറാക്കാനാണ് തന്നെ സമീപിച്ചത്. തുടര്‍ന്ന് കാന്തപുരം ഉസ്താദിന്റെ കുട്ടിക്കാലം, ആത്മീയമായ വളര്‍ച്ച, മാതാവ്, ഭാര്യ, അന്താരാഷ്ട്ര ബന്ധങ്ങള്‍, വടക്കേ ഇന്ത്യയിലും മറ്റുമായി ഉസ്താദ് ചെയ്തു വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇസ്ലാമിലെ വനിതകള്‍ എന്ന വിഷയത്തിലെ കാഴ്ചപ്പാട് എന്നിവയുള്‍പ്പടെ പുസ്തകത്തിന്റെ വലിയൊരു ഭാഗമാണ് എഴുതി തയ്യാറാക്കിയത്. ഇതിന് വേതനമായി പറഞ്ഞാല്‍ പോലും വിശ്വസിക്കാത്ത തരത്തിലുള്ള നിസാര തുകയാണ് നല്‍കിയതെന്ന് ആദില പറയുന്നു.

തുച്ഛമായ വേതനം നല്‍കിയാണ് തന്നെകൊണ്ട് ജോലിയെടുപ്പിച്ചത്. മാനുഷികമായ പരിഗണന പോലും നല്‍കാന്‍ പബ്ലിഷേഴ്‌സ് തയ്യാറായില്ല. അത്രയേറെ കഷ്ടപ്പെട്ട് എഴുതി തയ്യാറാക്കിയ, ദീര്‍ഘകാലത്തെ ബൗദ്ധിക അധ്വാനമായ പുസ്തകത്തിന് ക്രെഡിറ്റ് പോലും നല്‍കാത്തത് നിരാശയാണെന്നും തന്നോട് ചെയ്യുന്ന നീതികേടാണെന്നും ആദില ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

‘ഹാന്‍ഡ്മാര്‍ക്ക് (handmark)’ എന്ന മര്‍കസ് കോംപ്ലക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ കമ്പനിയുടെ ഭാഗമായാണ് യാസര്‍ അറഫാത്തും മുഹ്‌സിനും തന്നെ സമീപിച്ചത്. പിന്നീട് ഈ കമ്പനി ‘എപിസ്റ്റെമിക് ബ്രേക്ക്‌സ് (epistemic breaks)’ എന്നു പേരുമാറ്റി കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ചു. ഈ കമ്പനി തന്നെയാണ് പേര് മാറ്റി ദല്‍ഹിയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന മാജിക് മൂണ്‍ ആയതെന്നും ഇപ്പോള്‍ എ.പി ഉസ്താദിന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നതെന്നും ആദില പറഞ്ഞു.

കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ കുറിച്ച് ഇംഗ്ലീഷില്‍ പുസ്തകം എഴുതാനായി തന്നെ സമീപിച്ചത് മുഹ്‌സിനും യാസര്‍ അറഫാത്തുമാണ്. താനെഴുതി കൊടുത്ത പല ചാപ്റ്ററുകളും തന്റെ പേര് പോലും പരാമര്‍ശിക്കാതെ ഇവര്‍ ജീവചരിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്ന് ആദില ഹുസൈന്‍ ആരോപിക്കുന്നു. ദീര്‍ഘകാലത്തെ അധ്വാനം കണക്കിലെടുക്കാതെ പതിനായിരം രൂപ മാത്രമാണ് പ്രതിഫലം നല്‍കിയത്. മാന്യമായ തുക ചോദിച്ച് കോഴിക്കോടുള്ള കമ്പനിയിലെത്തിയ തന്നെ അപകീര്‍ത്തിക്കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി മുഹ്‌സിന്‍ ഇറക്കിവിടുകയായിരുന്നെന്ന് എഴുത്തുകാരി പറഞ്ഞു.

നേരത്തെ, എഴുതി നല്‍കിയ ഡ്രാഫ്റ്റുകള്‍ പൂര്‍ണമായും കൈമാറിയ സമയത്ത് പുസ്തക പ്രസിദ്ധീകരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രചനയില്‍ പങ്കാളിയായ താനുള്‍പ്പടെയുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ‘ഷെയ്ഖ് അബൂബക്കര്‍ അഹ്‌മദ് കമിങ് ഫോര്‍വാര്‍ഡ്’ എന്ന പേരില്‍ പുസ്തകം ഉടനെ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ഇതേ കമ്പനിക്ക് വേണ്ടി തന്നെ ഒരു അറബി മലയാളം പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റി പിന്നീട് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുന്ന ജോലിയും ചെയ്തിരുന്നു. അന്നും തുച്ഛമായ തുകയാണ് പ്രതിഫലമായി നല്‍കിയത്.

ദല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ എം.എ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് കാന്തപുരം ഉസ്താദിനെ കുറിച്ചുള്ള രചന ആരംഭിച്ചത്. എഴുത്തിന്റെ ആവശ്യത്തിനായി കേരളത്തില്‍ നിന്നും രിസാല, സിറാജ് പോലെയുള്ള വാരികകളുടെ പഴയ കോപ്പികള്‍ ശേഖരിച്ചും, ഒട്ടേറെ ആളുകളോട് സംസാരിച്ചും, യുട്യൂബ് വീഡിയോ ഉള്‍പ്പടെയുള്ള ആര്‍ക്കൈവുകള്‍ ശേഖരിച്ചുമാണ് രചന പൂര്‍ത്തിയാക്കിയത്. പുസ്തകം രചിക്കുന്ന സമയത്ത് ഡോ. അബ്ദുല്‍ ഹക്കിം അസ്ഹരിയെ ദല്‍ഹിയില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു. അന്ന് അദ്ദേഹം അഭിനന്ദിക്കുകയും പ്രാര്‍ത്ഥനകള്‍ നല്‍കുകയും ചെയ്‌തെന്നും ആദില പറഞ്ഞു.

അതേസമയം, ഈ തട്ടിപ്പിനെ സംബന്ധിച്ച് എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കോ അദ്ദേഹത്തിന്റെ മകന്‍ ഡോ. അബ്ദുല്‍ ഹക്കിം അസ്ഹരിക്കോ അറിവില്ലെന്നും അവര്‍ അറിഞ്ഞാല്‍ ഇക്കാര്യം അംഗീകരിക്കില്ലെന്ന് ഉറപ്പാണെന്നും ആദില പറഞ്ഞു. പ്രവാസിയായ ഒരു എഴുത്തുകാരന്റെ പേരിലാണ് ഇപ്പോള്‍ ഈ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്. താനുള്‍പ്പടെയുള്ള എഴുത്തുകാരുടെ രചനകള്‍ കോപ്പിയടിച്ച് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ആദില ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇതേപുസ്തകത്തിലെ മറ്റ് ചാപ്റ്ററുകള്‍ എഴുതി നല്‍കിയവര്‍ പരാതിയുമായി വരാതിരിക്കാന്‍ പലരീതിയില്‍ ഒതുക്കിയിരിക്കുകയാണ് എന്ന് ആദില പറയുന്നു. തന്നെ പോലുള്ളവരെ കൊണ്ട് നിസാര തുകയ്ക്ക് ജോലി ചെയ്യിപ്പിക്കുകയും പണം വാങ്ങി മറ്റൊരാളുടെ പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന തട്ടിപ്പിന്റെ ഭാഗമാണിത്. ഇതുപോലെ അനേകം പേരാണ് തട്ടിപ്പിനിരയാകുന്നത്. തനിക്ക് മാന്യമായ പ്രതിഫലവും എഴുതി നല്‍കിയ ഭാഗത്തിന്റെ ക്രെഡിറ്റും വേണമെന്ന് ആദില ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അതേ സമയം പരാതി ഉന്നയിച്ച ആദിലയുമായുള്ള പ്രശ്നങ്ങള്‍ പോസിറ്റീവായി തന്നെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാജിക് മൂണ്‍ പബ്ലിക്കേഷന്‍സിന്റെ പ്രതിനിധി യാസര്‍ അറഫാത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ആദിലയുമായി കമ്യൂണിക്കേഷന്‍ നടക്കുന്നുണ്ടെന്നും ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ അധ്യായങ്ങളായാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയതെന്നും അതില്‍ ഒരു അധ്യായം ആദിലയാണ് തയ്യാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ള പലരും ഇന്ന് മാജിക് മൂണ്‍ പബ്ലിക്കേഷന്‍സില്‍ ജോലി ചെയ്യുന്നില്ലെന്നും ഒരു വര്‍ഷത്തോളമായി ആദിലയുമായി ആശയവിനിമയങ്ങളൊന്നുമുണ്ടായിട്ടില്ല എന്നതും പരാതിക്ക് കാരണമായിട്ടുണ്ടാകാമെന്നതും യാസര്‍ അറഫാത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Content  Highlight: Plagiarism and lack of decent remuneration for Kanthapuram Usthad’s English biography: Athila Hussain speaks out against Magic Moon Publishers

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍