കണ്ണൂര്‍: രാജ്യത്തെ ക്രൈസ്തവ സമൂഹത്തിനെതിരായ അതിക്രമങ്ങളില്‍ കന്യാസ്ത്രീസമൂഹവും വൈദിക സമൂഹവും രംഗത്തിറങ്ങാന്‍ തയ്യാറാണോയെന്ന് സി.പി.ഐ.എം നേതാവ് പി.കെ. ശ്രീമതി. പ്രാര്‍ത്ഥന ആയിക്കോട്ടെ, എന്നാല്‍ പ്രാര്‍ത്ഥന കൊണ്ടുമാത്രം ഇത്തരം മനുഷ്യത്വഹീനമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് പി.കെ. ശ്രീമതിയുടെ പ്രതികരണം.
ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് ശ്രദ്ധിക്കപ്പെട്ട ബജ്രംഗ് ദള്‍ നേതാവ് ജ്യോതി ശര്‍മയുടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പി.കെ. ശ്രീമതി പ്രതികരിച്ചത്.
ജ്യോതി ശര്‍മയാണ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലെത്തി മലയാളി കന്യാസ്ത്രീകളെ ആള്‍ക്കൂട്ട വിചാരണക്കിരയാക്കുകയും കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളെ മര്‍ദിക്കുകയും ചെയ്തത്. ഇക്കാര്യം പെൺകുട്ടികളിലൊരാൾ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയും ചെയ്‌തിരുന്നു.
ഇപ്പോള്‍ പി.കെ. ശ്രീമതി പങ്കുവെച്ച വീഡിയോയില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ ജ്യോതി ശര്‍മ ഒരാളുടെ കഴുത്തില്‍ കയറി പിടിക്കുന്നതും ആക്രോശിക്കുന്നതായും കാണാം. യുവാവിന്റെ മുഖത്ത് ജ്യോതി ശര്‍മ അടിക്കുകയും ചെയ്യുന്നുണ്ട്.
നിരവധി ആളുകളുടെ മുന്നില്‍ വെച്ചാണ് ബജ്രംഗ് ദള്‍ നേതാക്കള്‍ യുവാവിനെ അധിക്ഷേപിച്ചത്. പിന്നാലെ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ചുകൊണ്ട് ബജ്രംഗ് പ്രവര്‍ത്തര്‍ സംഭവസ്ഥലത്ത് നിന്ന് പോകുന്നതായും കാണാം. പ്രസ്തുത സംഭവത്തെ അടിസ്ഥാനമാക്കിയാണ് പി.കെ. ശ്രീമതി രംഗത്തെത്തിയത്.
‘ഈ വീഡിയോ കാണാതെ പോകരുത്. ഈ സ്ത്രീക്ക് ഭ്രാന്തുണ്ടോ എന്ന് ആരും സംശയിച്ചുപോകും. നിസഹായതയോടെ നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ പൊലീസിന്റെ മുന്നില്‍ വെച്ച് മര്‍ദിക്കുന്നത് മറ്റാരുമല്ല ജ്യോതി ശര്‍മ എന്ന ബജ്രംഗ് ദള്‍ പൊലീസ്. കന്യാസ്ത്രീകളെ ട്രെയിനില്‍ കയറി ഭേദ്യം ചെയ്യുകയും പെണ്‍കുട്ടികളെ ആക്രമിക്കുകയും ചെയ്ത അതേ ജ്യോതി ശര്‍മ. വര്‍ഗീയ പിശാച്. നോക്കൂ ഇത് നടക്കുന്നത് ഛത്തീസ്ഗഡിലാണ്. ജനാധിപത്യ ഭാരതത്തിലാണ്. എത്ര ക്രൂരമായ ആക്രമണമാണ് കൃസ്ത്യന്‍ കമ്യൂണിറ്റിയില്‍പ്പെട്ടവരോട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നോക്കൂ, അടിക്കാനും ഇടിക്കാനും കൊല്ലാനും അവര്‍ക്ക് അവകാശമുണ്ടത്രെ. മറുചോദ്യം ജ്യോതി ശര്‍മയോട് ചോദിക്കാന്‍ തുനിയരുത്. അവര്‍ കാര്യകര്‍ത്താവാണത്രെ, ഇങ്ങനെയും ഒരു കാലം ഗതികെട്ട കാലം. ചെറുക്കണം. ഞങ്ങള്‍ ഉണ്ട് കൂടെ,’ പി.കെ. ശ്രീമതി കുറിച്ചു.