ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരായ പ്രതിഷേധത്തില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്തിട്ടില്ലെന്ന പി.കെ. നവാസിന്റെ വാദം പൊളിയുന്നു; മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്
Gender Neutral Uniform
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരായ പ്രതിഷേധത്തില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്തിട്ടില്ലെന്ന പി.കെ. നവാസിന്റെ വാദം പൊളിയുന്നു; മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th December 2021, 8:51 am

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ കഴിഞ്ഞ ദിവസം കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ പ്രതിഷേധത്തില്‍ മുസ്‌ലിം ലീഗിനോ എം.എസ്.എഫിനോ പങ്കില്ലെന്ന സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ വാദം പൊളിയുന്നു.

ബാലുശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്താണ്.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു പി.കെ. നവാസിന്റെ പരാമര്‍ശം.

‘തങ്ങള്‍ അഡ്രസ് ചെയ്തത് പരിമിതമായ ചില വിഷയങ്ങളെ മാത്രമാണ്. ഇന്ന് (ബുധനാഴ്ച)നടന്ന മുഴുവന്‍ പ്രതിഷേധ ശബ്ദങ്ങളുടെയും ഉത്തരവാദിത്തം എം.എസ്.എഫിന് ഏറ്റെടുക്കാനാകില്ല,’ നവാസ് പറഞ്ഞു.

കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ എം.എസ്.എഫിന്റെ പ്രതിനിധികളാരുമില്ല. നിലവില്‍ യൂത്ത് ലീഗോ മുസ്ലിം ലീഗോ തന്റെ അറിവില്‍ സമരത്തിനിറങ്ങിയിട്ടില്ലെന്നും പി.കെ. നവാസ് പറഞ്ഞിരുന്നു.

എം.എസ്.എഫ് ഇടപെട്ടപ്പോഴാണ് ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ യൂണിഫോം ധരിക്കാം എന്ന നിലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ഈ വസ്ത്ര രീതി ഉള്‍ക്കൊള്ളാന്‍ കഴിയുമെങ്കില്‍ ആരും പ്രതിഷേധിക്കേണ്ടതില്ലെന്നും ഏതെങ്കിലും ഒരു കുട്ടിക്ക് എതിര്‍പ്പുണ്ടെങ്കിലാണ് എം.എസ്.എഫ് ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കിയതിനെതിരെ ചില മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ വിവാദം വേണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്നും അതാത് സ്‌കൂളുകളിലെ പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സക്കന്‍ഡറി സ്‌കൂള്‍ മിക്സെഡ് സ്‌കൂള്‍). പ്ലസ് വണ്‍ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PK Navas Gender Neutral Uniform Muslim League local leader