ഇടതുപക്ഷത്തെപോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ ഞങ്ങള്‍ പോയിട്ടില്ല; സ്വപ്‌നയുടെ ആരോപണത്തില്‍ കുഞ്ഞാലിക്കുട്ടി
Kerala News
ഇടതുപക്ഷത്തെപോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ ഞങ്ങള്‍ പോയിട്ടില്ല; സ്വപ്‌നയുടെ ആരോപണത്തില്‍ കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th June 2022, 7:09 pm

പത്തനംതിട്ട: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പോകുകയല്ല തങ്ങള്‍ ചെയ്യുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

ഇടതുപക്ഷം പോയത് പോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ തങ്ങള്‍ പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസില്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായ അന്വേഷണമാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല ഞങ്ങള്‍ പോകുന്നത്. അതില്‍ വന്നിട്ടുള്ള വിഷയങ്ങളുടെ നിജസ്ഥിതി കേരള ജനത അറിയണം. അതിനാവശ്യമായ ഭാവിപരിപാടികള്‍ യു.ഡി.എഫ് ആവിഷ്‌കരിച്ച് നടപ്പാക്കും. അതിന്റെ കൂടെ മുസ്‌ലിം ലീഗുമുണ്ടാകും,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രക്ഷോഭങ്ങളില്‍ ലീഗ് സജീവമല്ലെന്ന ആരോപണം ശരിയല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ. സലാമും പ്രതികരിച്ചു.

അതേസമയം, സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങളിലെ വിശ്വാസ്യത എത്രയുണ്ടെന്ന് തനിക്ക് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയം കോണ്‍ഗ്രസ് ആഘോഷമാക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞിരുന്നു.

അതിന്റെ വിശ്വാസ്യത എത്രയുണ്ടെന്ന് എനിക്ക് അറിയില്ല. കാരണം മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളെ ആശ്രയിച്ച് പ്രതികരണം നടത്തുമ്പോള്‍ അത് ശരിയാണോയെന്ന് അറിയില്ല. ശരിയാണെങ്കില്‍ അത് ഗുരുതരമായ ആരോപണങ്ങളാണ്.

സംഭവം പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയാണ് പറയേണ്ടത് എന്താണ് സംഭവമെന്ന്. എന്നിട്ട് ഞങ്ങള്‍ പറയാം. ഇത്തരം ആളുകള്‍ പറയുന്നത് എടുത്ത് ഞങ്ങള്‍ ആഘോഷിച്ചിട്ടില്ല. ഒരു വിഷയം വരുമ്പോള്‍ അന്വേഷണം നടത്തണം. വിഷയത്തില്‍ മുഖ്യമന്ത്രിയോ സി.പി.ഐ.എം നേതാക്കളോ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ ഗൂഢാലോചനയെന്നത് സ്ഥിരം സാധനമാണ്. മുഖ്യമന്ത്രി പ്രതികരിക്കട്ടേയെന്നും സതീശന്‍ പറഞ്ഞിരുന്നു.