എഡിറ്റര്‍
എഡിറ്റര്‍
‘ആര്‍.എസ്.എസിന്റെ പരിപ്പ് കേരളത്തില്‍ വേവില്ല’; എന്‍.ഡി ടിവിയുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ മറുപടി പറയുന്നു, അഭിമുഖം പൂര്‍ണ്ണരൂപം വായിക്കാം
എഡിറ്റര്‍
Monday 7th August 2017 8:04pm

 

ന്യൂദല്‍ഹി: കേരളം കലുക്ഷിത ഭൂമിയാണെന്നും സര്‍ക്കാരിന് ക്രമസമാധാനം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നും ആരോപിച്ച് രാഷ്ട്രപതി ഭരണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ് ആര്‍.എസ്.എസ്. കേരളത്തിനെതിരെ ദേശീയ തലത്തില്‍ വ്യാപക പ്രചരണവും ബി.ജെ.പി നടത്തുന്നുണ്ട്. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനവുമൊക്കെ പ്രചരണത്തിന്റെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ പ്രമുഖ ദേശീയ മാധ്യമമായ എന്‍.ഡി ടിവിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് ദൈവം ഉപേക്ഷിച്ച നാടാണെന്നാണ് ബി.ജെ.പി നേതൃത്വം പാര്‍ലമെന്റില്‍ പറഞ്ഞത്. എന്താണ് ഇതിനെ കുറിച്ച് പറയാനുള്ളത്?

കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. സര്‍ക്കാരിന് അതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കും ബി.ജെ.പി നടത്തുന്ന കുപ്രചരണങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്നവരാണ്. അത് കൊണ്ട് പേടി വേണ്ട. സമാധാനം നിറഞ്ഞ കേരളത്തെ കുറിച്ച് ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്ന അപകീര്‍ത്തി പ്രചരണം മാത്രമാണ് എല്ലാം. കഴിഞ്ഞ ദിവസം നടന്ന സര്‍വ്വ കക്ഷിയോഗത്തില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിലെ ജനങ്ങളുടെ സമാധാനം കണക്കിലെടുത്ത് കേരള വിരുദ്ധ പ്രചരണങ്ങളെ തടയുകയാണ് ലക്ഷ്യം. ഇത്തരം പ്രചരണങ്ങള്‍ സി.പി.ഐ.എം എന്ന പാര്‍ട്ടിയ്‌ക്കോ എല്‍.ഡി.എഫ് സര്‍ക്കാരിനോ എതിരല്ല, രാജ്യത്തെ ഏറ്റവും സമാധാനം നിറഞ്ഞ സംസ്ഥാനമായ കേരളത്തിനും അവിടുത്തെ ജനങ്ങള്‍ക്കും എതിരെയാണ്.

താലിബാനിസം പോലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നു, കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളം സന്ദര്‍ശിക്കുകയും ആശങ്ക അറിയിക്കുകയും സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നത് തീവ്രവാദ സംഘടനകളെപ്പോലെയാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. മാത്രവുമല്ല പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ എം.എല്‍.എയും സമാന ആരോപണം ഉന്നയിക്കുന്നു. എന്താണ് പ്രതികരണം.?

ആര്‍.എസ്.എസിന്റെ ഗൂഢാലോചനകളും പ്രചരണവും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതല്ല. യുക്തിയില്ലാത്ത വാക്കുകള്‍ പ്രയോഗിക്കാനും പ്രചരിക്കാനും യാതൊരു മടിയുമില്ലാത്തവരാണവര്‍. അവരുടെ ഈവിള്‍ ഡിസൈനെ കുറിച്ച് ജനങ്ങളും സര്‍ക്കാരും നല്ല ബോധ്യമുള്ളവരാണ്. ബി.ജെ.പി പ്രചരണങ്ങള്‍ എല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ഇത് കോണ്‍ഗ്രസും തിരിച്ചറിയണം.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മാത്രം 13 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് അവര്‍ പറയുന്നത്. അതില്‍ കൂടുതല്‍ ആക്രമണങ്ങള്‍ സി.പി.ഐ.എമ്മിന് നേരെയുണ്ടായെന്നും പറയപ്പെടുന്നു. പൊലീസ് കണക്കുകളും ഉണ്ട്. അപ്പോഴും കൊലപാതകങ്ങള്‍ ഉണ്ടാകുന്നു, ആക്രമണങ്ങള്‍ നടക്കുന്നു എന്നത് വാസ്തവമാണ്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു.?

നുണകള്‍ പ്രചരിപ്പിക്കാന്‍ ആര്‍.എസ്.എസിന് യാതൊരു മടിയുമില്ല. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനും ക്രമസമാധാനം തകരാതെ കാക്കാനും ബി.ജെ.പിയുള്‍പ്പടെയുള്ള എല്ലാ പാര്‍ട്ടികളോടും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അക്രമം നടത്തിയിട്ടില്ലെന്ന് ഉറപ്പു വരുത്താനും എല്ലാ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കടന്നു കൂടിയിട്ടുണ്ട്. അത്തരം ആളുകളെ സഹായിക്കുന്ന നിലപാട് പാര്‍ട്ടികള്‍ സ്വീകരിക്കാന്‍
പാടില്ല. സര്‍ക്കാര്‍ അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കും. അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും.


Also Read:  കേരളത്തിനെതിരെ നുണ പ്രചരണം; റിപ്പബ്ലിക്കിന്റെ പേജില്‍ റേറ്റിംഗ് ചെയ്ത് മലയാളികളുടെ പൊങ്കാല


എന്തുകൊണ്ട് കേരളത്തില്‍ നടക്കുന്ന അക്രമ പരമ്പരയ്ക്ക് ഒരവസാനം ഉണ്ടാക്കാന്‍ കഴിയുന്നില്ല.?

അത് തെറ്റായ ധാരണയാണ്. കേരളത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അക്രമങ്ങള്‍ വളരെ കുറവാണ്. ലോ ആന്റ് ഓര്‍ഡറിലുള്‍പ്പടെ രാജ്യത്ത് ഒന്നാമതുള്ള സംസ്ഥാനമാണ് കേരളം. വര്‍ഗ്ഗീയ കലാപങ്ങളില്‍ നിന്നും മുക്തമാണ് കേരളം. ആദിവാസികള്‍ക്കും ദളിതര്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിലും കേരളം ഏറെ പിന്നിലാണ്. തീര്‍ച്ചയായും കേരളം തന്നെയാണ് രാജ്യത്ത് ഏറ്റവും സമാധാനപൂര്‍വ്വമായ സംസ്ഥാനം.

കേരളത്തിനെതിരെ പ്രചരണങ്ങളും രാഷ്ട്രപതി ഭരണത്തിനായുള്ള മുറവിളികളും മാത്രവുമല്ല ബി.ജെ.പിയുടെ തന്ത്രങ്ങള്‍. വരുന്ന ദിവസം ജന്തര്‍ മന്തറില്‍ കേരളത്തിലെ അക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണവര്‍. അതിനോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?

നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ ചാമ്പ്യന്മാരാണ് ആര്‍.എസ്.എസും ബി.ജെ.പിയും. പക്ഷെ അവരെ കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായറിയാം. അതുകൊണ്ട് ഭയമില്ല.

കേന്ദ്രത്തില്‍ ബി.ജെ.പിയ്ക്കും ആര്‍.എസ്.എസിനും എതിരെ ശക്തമായി നിലപാടുകളെടുക്കുന്ന നേതാവാണ് സീതാറാം യെച്ചൂരി. എന്നിട്ടും എന്തുകൊണ്ട് കേരളം അദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വത്തെ എതിര്‍ത്തു?

ആ വിഷയത്തില്‍ കേന്ദ്ര നേതൃത്വം വ്യക്തമായ മറുപടി നല്‍കിക്കഴിഞ്ഞതാണ്. അതില്‍ കൂടുതലൊന്നും എനിക്കും പറയാനില്ല.

ബി.ജെ.പിയ്‌ക്കെതിരെ ശക്തമായി ഉറച്ചു നിന്നിരുന്ന നിതീഷ് കുമാര്‍ ഇപ്പോഴിതാ ബി.ജെ.പിയുമായി കൂട്ടുകൂടിയിരിക്കുന്നു. ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ അതിനെ എങ്ങനെ നോക്കി കാണുന്നു?

വര്‍ഗ്ഗീയത പ്രചരിപ്പിച്ച് ആളുകളെ ഭിന്നിപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ തന്ത്രം. ഇപ്പോള്‍ നടക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തിനും മതനിരപേക്ഷ മൂല്യങ്ങള്‍ക്കുമെതിരെയുള്ള ആസൂത്രിതമായ നീക്കങ്ങളാണ്‌. ജനങ്ങളുടെ നിത്യജീവിതത്തേയും കടന്നാക്രമിക്കുന്നു. പ്രതിപക്ഷത്തെ ഇല്ലാതാക്കുകയാണ് പ്രധാന പരിപാടി. അതിന്റെ ഭാഗമാണിത്.


Don’t Miss: ‘നോട്ടടി കേസ് ഫോട്ടോസ്റ്റാറ്റ് കേസാക്കി മാറ്റിയ ഇരട്ട സംഘന്‍ സര്‍ക്കാരിന് അഭിവാദ്യം’; ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്


രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയ്ക്ക് ഒരു ഉറച്ച നിലപാടില്ലെന്നതും വസ്തുതയാണ്. അവര്‍ക്ക് സ്വന്തം താല്‍പര്യങ്ങളാണ് വലുത്. ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്ന പുരോഗമന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സഖ്യമാണ് ഇപ്പോള്‍ ആവശ്യം. ഇടതുപക്ഷം അതിനാണ് ശ്രമിക്കുന്നത്.

ആ സഖ്യത്തെ ആര് നയിക്കും?

ഒരു ബദല്‍ സംവിധാനം ഉയര്‍ന്നു വന്നേ മതിയാകൂ. ഇടതുപക്ഷം അതിന് ശ്രമിക്കുകയാണ്.

മമതയോ രാഹുലോ, ആര് നയിക്കും ആ സഖ്യത്തെ?

അത് നേരത്തെ വിശദമാക്കിയതാണ്.

രാജ്യത്ത് സി.പി.ഐ.എം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. കോട്ടയായിരുന്ന ബംഗാളില്‍ പോലും അധികാരം നഷ്ടമായിരിക്കുന്നു.

ബംഗാളില്‍ സംഭവിച്ചത് വിശദമായി പഠിച്ച് പാഠം ഉള്‍ക്കൊണ്ടു തന്നെ തിരിച്ചു വരും, ജനങ്ങളുടെ
സഹായത്തോടെ.

കേരളത്തിലേക്ക് തിരികെ വരികയാണെങ്കില്‍, റാഡിക്കലിസം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വളരുന്നുവെന്ന് ആരോപണമുയരുന്നു. ഒപ്പം നിരവധി യുവാക്കള്‍ ഐ.എസില്‍ ചേരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. എന്തുകൊണ്ടായിരിക്കും ഇത് സംഭവിക്കുന്നത്.?

വിഷയത്തില്‍ പൊലീസ് ശക്തമായി അന്വേഷണം നടത്തുന്നുണ്ട്. ഇതിന് എന്‍.ഐ.എ പോലുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായവും ലഭിക്കുന്നുണ്ട്. മതമൗലികവാദമാണ് യുവാക്കളെ ഇത്തരം സംഘത്തിലേക്ക് നയിക്കുന്നതും കെണിയില്‍ പെടുത്തുന്നതും.

എന്തുകൊണ്ടായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍  മദ്യനയത്തില്‍ ഇളവു വരുത്തിയത്.?

എല്‍.ഡി.എഫ് അധികാരത്തിലേറുമ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ അനുവദിച്ചിരുന്നുള്ളൂ. ഞങ്ങളത് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും നല്‍കി. കാരണം പൂര്‍ണ്ണമായ  മദ്യനിരോധനം സാധ്യമല്ലെന്നത് കൊണ്ടു തന്നെ. അത്തരത്തില്‍ നിരോധനം നടപ്പിലാക്കിയ ലോകത്തെ ഒരു രാജ്യത്തും വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. മദ്യനിരോധനം മയക്കു മരുന്നിന്റേയും വ്യാജമദ്യത്തിന്റെയും ഉപയോഗം കൂട്ടും. ടൂറിസത്തെ ബാധിക്കും. ഇതെല്ലാം ജനങ്ങള്‍ അംഗീകരിക്കുന്ന കാര്യങ്ങളുമാണ്.

സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കിയ നിതീഷ് കുമാറിനോട് എന്താണ് പറയാനുള്ളത്.?

പ്രതികരിക്കുന്നില്ല.

അവസാനമായി, കേരളത്തിലെ പ്രധാന പ്രതിപക്ഷമായി വളരാനാണോ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. ആണെങ്കില്‍ അവര്‍ക്കതിന് സാധിക്കുമോ?

സാധിക്കില്ല. കേരളത്തില്‍ ബി.ജെ.പിയെ ജനം നേരത്തെ തന്നെ ഒറ്റപ്പെടുത്തിയതാണ്. അവരുടെ ശ്രമങ്ങളെ എന്നോ ജനം തള്ളിക്കളഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം.

Advertisement