പിണറായി വിജയന്റെ പൊലീസ് നരേന്ദ്രമോദിയ്ക്ക് പഠിക്കുകയാണോ?
ജിതിന്‍ ടി പി

അമിതമായ സൈനികവത്കരണവും തുടര്‍ച്ചയായ വ്യാജ ഏറ്റുമുട്ടലുകളും കൊണ്ട് പിണറായി സര്‍ക്കാര്‍ എന്താണ് ലക്ഷ്യം വെക്കുന്നത്.

കേരളത്തില്‍ വെറും നാമമാത്രമായി  പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങളുടെ സാന്നിധ്യത്തെ പെരുപ്പിച്ച് കാണിച്ച് കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗത്തില്‍ നിന്നും വലിയ സൈനിക സന്നാഹങ്ങള്‍ കേരളത്തിലെത്തിക്കുന്നതിനായി തുടക്കം മുതലേ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

കോഴിക്കോട്,വയനാട്,കണ്ണൂര്‍,തൃശ്ശൂര്‍,പാലക്കാട് എന്നീ 5 ജില്ലകളെ മാവോയിസ്റ്റ് ബാധിതമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുമുണ്ടായി. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി നിരോധിച്ച സാല്‍വജുദുമിന് സമാനമായി കേരളത്തില്‍ ആദിവാസികളെ സൈനികവത്കരിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം കേവലം മാസങ്ങള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. മറ്റൊരു വശത്ത് തുടര്‍ച്ചയായ വ്യാജ ഏറ്റുമുട്ടലുകളും കേരളത്തില്‍ നടക്കുന്നു.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും; പ്രളയാനന്തര കേരളത്തിന് വന്‍ സാമ്പത്തിക ബാധ്യതയായി നിയമസഭാ ഉപതെരഞ്ഞെടുപ്പ് വരും

2016 നവംബര്‍ 24 ന് നിലമ്പൂരിലെ കരുളായി വനത്തിനകത്ത് രോഗശയ്യയില്‍ ക്യാമ്പില്‍ വിശ്രമിക്കുകയായിരുന്ന അജിത, കുപ്പുദേവരാജ് എന്നിവരെ സായുധരായ തണ്ടര്‍ബോള്‍ട്ട് സേന വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 6 ന് രാത്രിയില്‍ വയനാട്ടിലെ വൈത്തിരിക്കടുത്തുള്ള ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവവും പൊലീസിന്റെ ഏകപക്ഷീയമായ വെടിവെപ്പായിരുന്നുവെന്ന് ദൃസാക്ഷികളായ റിസോര്‍ട്ട് ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാവോയിസ്റ്റ് പ്രവര്‍ത്തകനാണ് സി.പി ജലീല്‍.

തുടര്‍ച്ചയായി നടക്കുന്ന ഈ വെടിവെപ്പുകളും കൊലപാതകങ്ങളും മാവോയിസ്റ്റ് സാന്നിദ്ധ്യങ്ങളുമായി ബന്ധപ്പെട്ട പൊലീസിന്റെ ദുരൂഹപ്രചരണങ്ങളുമെല്ലാം കേരളത്തെ സൈനികവത്കരിക്കാനുള്ള ബോധപൂര്‍വശ്രമങ്ങളാണ് എന്ന് സംശയിപ്പിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതിലൊന്നായിരുന്നു അധികാരത്തിലെത്തി കേവലം മാസങ്ങള്‍ക്കുള്ളില്‍ നടന്ന ഇന്റസ്റ്റേറ്റ് ചീഫ് മിനിസ്റ്റ്‌ഴ്‌സ് കൗണ്‍സിലില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗം.

ALSO READ: മസൂദ് മൗലാനാമാര്‍ ഉണ്ടാകുന്നത്

“”സാമ്പത്തികപരവും സൈനികപരവും മാനവവിഭവശേഷീപരവുമായ കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നത് ഞങ്ങളുടെ തീവ്രവാദികളെ തുരത്താനുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായകമാകും. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം ആവശ്യപ്പെടുന്ന തീവ്രവാദ വിരുദ്ധ/പ്രത്യാക്രമണ സേനാ പരിശീലന കേന്ദ്രം അനുവദിക്കണം. ഒരു റിസര്‍വ് ബറ്റാലിയനെ കൂടി അനുവദിക്കണം. സി.ആര്‍.പി.എഫില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഓഫീസര്‍മാരെ വേണം. എന്‍.എസ്.ജി, സി.എ.പി.എഫ്(സെന്‍ട്രല്‍ ആംഡ് ഫോഴ്‌സസ്), ഐ.ബി എന്നിവര്‍ സംസ്ഥാന പൊലീസിനെ പരിശീലിപ്പിക്കണം. ഇടത് തീവ്രവാദത്തിന്റെ പിടിയിലുള്ള അഞ്ച് ജില്ലകളും സെക്യൂരിറ്റി റിലേറ്റഡ് എക്‌സ്പന്‍ഡിച്ചര്‍ സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുത്തണം. പൊലീസ് ഇന്റലിജന്‍സ് സംവിധാനത്തെ ആധുനികവത്കരിച്ച് ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി വേണം” എന്നൊക്കയായിരുന്നു പിണറായി വിജയന്റെ പ്രസംഗത്തില്‍ കേന്ദ്രത്തോടുള്ള ആവശ്യം.

കേരളത്തിന്റെ ക്രമസമാധാനത്തിനോ, ജനങ്ങളുടെ സൈ്വര്യജീവിതത്തിനോ കാര്യമായ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാത്ത ഒരു ചെറും സംഘത്തിന്റെ സാന്നിദ്ധ്യത്തെ വലിയ വെല്ലുവിളിയായി കാണിച്ച് കേരളത്തിലെ പോലീസ് സേനയെ സാങ്കേതികവും സാമ്പത്തികവുമായി വളര്‍ത്താനുള്ള ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്റെ താത്പര്യം ഇവിടെ വ്യക്തമാണ്.

യുദ്ധമര്യാദകള്‍ പോലും പാലിക്കാത്ത ഏറ്റുമുട്ടല്‍ സംഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ ഇവിടെ പരിശോധിക്കപ്പെടേണ്ടതാണ്. നിലമ്പൂര്‍, വൈത്തിരി കൊലപാതകങ്ങളില്‍ മുഖ്യമന്ത്രി പാലിക്കുന്ന അപകടകരമായ മൗനവും നാം കാണേണ്ടതുണ്ട്. മാത്രവുമല്ല നിലമ്പൂര്‍ വെടിവെയ്പ്പ് കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഇത് സുപ്രീംകോടതിവിധിയുടെ ലംഘനം കൂടിയാണ്.

ALSO READ: മാധ്യമപ്രവര്‍ത്തനവും പ്രൊപ്പഗാന്‍ഡയും തമ്മിലുള്ള പോരുകള്‍

സൊഹ്റാബുദ്ദീനും, ഇസ്രത് ജഹാനും അടക്കമുള്ള വ്യാജ ഏറ്റുമുട്ടലുകളിലൂടെ നരേന്ദ്രമോദി നടപ്പിലാക്കിയ സംസ്‌കാരം തന്നെയാണോ പിണറായി വിജയനും ലക്ഷ്യം വെക്കുന്നത്. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് പൊലീസിന്റെ മനോവീര്യം തകര്‍ക്കരുത് എന്നായിരുന്നു.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാരെ രാജ്യത്തിന്റെ യശസ്സായി ഹിന്ദുത്വ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുമ്പോള്‍, ക്രമസമാധാനം പാലിക്കുന്ന പൊലിസുകാരുടെ മനോവീര്യത്തെ കേരളത്തിന്റെ മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി ഉയര്‍ത്തിപ്പിടിക്കുന്നു.

മാവോയിസ്റ്റ് വേട്ടയ്ക്കായി തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ സായുധസജ്ജരായ സംഘത്തെ നിയോഗിക്കുകയും അതിനായി ഭീമമായ ഫണ്ട് ചെലവഴിക്കുകയും ചെയ്യുമ്പോള്‍ അവരുടെ നിലിനില്‍പിനായി ഇത്തരത്തിലുള്ള വ്യാജ ഏറ്റുമുട്ടലുകള്‍ തലപൊക്കും.

ALSO READ: ഉമ്മ തന്ന പാക്കിസ്ഥാന്റെ താക്കോല്‍

തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള തീവ്രവാദ വിരുദ്ധ സേനകള്‍ക്കായി കേരളത്തില്‍ ചിലവഴിക്കുന്ന തുകയുടെ കണക്കുകള്‍ ആവശ്യപ്പെട്ട് കേരളത്തിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ വിവരാവകാശനിയമപ്രകാരം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ട് ഇന്നോളം ഒരു മറുപടിയും ലഭിച്ചിട്ടില്ല.

ഛത്തീസ്ഗഢിലും ആന്ധ്രാപ്രദേശും തുടങ്ങി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാജ ഏറ്റുമുട്ടലുകളിലൂടെ മാവോയിസ്റ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും കൊന്നൊടുക്കുന്ന ഭരണകൂട ഭീകരത ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ്.

കശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കൂടാതെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, മഹാരാഷ്ട്ര, അസം, ഉത്തരാഞ്ചല്‍, വെസ്റ്റ് ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

1994 ലെ ആസാമിലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത് 2018 ലാണ്.

ALSO READ: നിങ്ങള് കാക്കയെന്നോ, കരിങ്കൊരെങ്ങെന്നോ, ചുള്ളിക്കമ്പെന്നോ എന്തു വേണേലും വിളിച്ചോ..തല്‍ക്കാലം വെളുക്കാനുദ്ദേശ്യമില്ലാത്ത കാക്കകളിലൊന്നാണ് ഞാന്‍

ബിജെപിയും കോണ്‍ഗ്രസുമടക്കം മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ വരുമ്പോള്‍ അത് വ്യാജ ഏറ്റമുട്ടലാണെന്ന സംശയം പ്രകടിപ്പിച്ചും ജുഡീഷ്യല്‍ അന്വേഷണം അടക്കമുള്ളവ ആവശ്യപ്പെട്ടും ആദ്യം രംഗത്ത് വരുന്നത് സിപി.ഐ.എമ്മാണ്.

വധശിക്ഷക്കെതിരെ ദേശീയതലത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ഈ രാഷ്ട്രീയ പ്രസ്ഥാനം അധികാരത്തിലിരിക്കുമ്പോഴാണ് കേരളത്തില്‍ നിരന്തരമായ ഭരണകൂട കൊലപാതകങ്ങള്‍ സംഭവിക്കുന്നത് എന്ന് നാം ഓര്‍ക്കണം.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.