ഉമ്മ തന്ന പാക്കിസ്ഥാന്റെ താക്കോല്‍
Opinion
ഉമ്മ തന്ന പാക്കിസ്ഥാന്റെ താക്കോല്‍
പി.എസ് റഫീഖ്‌
Monday, 4th March 2019, 10:00 am

പണ്ട് താമസിച്ചിരുന്ന സ്ഥലത്ത് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഒരു തമിഴന്റെ കുടുംബമുണ്ടായിരുന്നു. ആക്രി പെറുക്കുന്നവര്‍. റോഡില്‍ നിന്നിറങ്ങി രണ്ട് മതിലുകള്‍ക്കിടയിലൂടെ നടന്ന് ചെല്ലുന്നത് മുമ്പ് പാടശേഖരമായിരുന്ന, ഇപ്പോള്‍ തോടും ചിറയുമായി ചുരുങ്ങിയ വിശാലതയിലേക്കാണ്. മഴക്കാലത്ത് മുട്ടൊപ്പമോ അരക്കൊപ്പമോ വെള്ളം നീന്തിവേണം വീട്ടിലെത്താന്‍. കുട്ടികളുടെ സ്‌കൂള്‍വണ്ടി റോഡില്‍ വന്ന് നില്‍ക്കുമ്പോള്‍, അവരെ എടുത്തുകൊണ്ടല്ലാതെ അങ്ങോട്ടെത്താന്‍ പറ്റാത്ത അവസ്ഥ. ചിലപ്പോള്‍ കയ്യില്‍ അല്ലെങ്കില്‍ തോളില്‍. പലപ്പോഴും രാത്രി ചെളിയില്‍ പൂണ്ടിട്ടുണ്ട്. മുത്തപ്പന്‍ തറയെന്ന് പഴമക്കാര്‍ വിളിക്കുന്ന അവിടെ കാല്‍ ചെളിയില്‍ നിന്നൂരിയെടുക്കാന്‍ ഇപ്പോഴും അവിടെയുണ്ടെന്ന് പറയുന്ന മുത്തപ്പന്റെ ആത്മാവ് എന്നെ സഹായിച്ചിട്ടുണ്ട്.

ലേഖനം കേള്‍ക്കുന്നതിനായി പ്ലേ ബട്ടണ്‍ അമര്‍ത്തുക

വെട്ടം കണ്ടാല്‍ പാഞ്ഞുവരുന്ന വരാലിനെ പിടിക്കാന്‍, മരിച്ചു പോയ ബാബുവേട്ടന്‍, പഴയ ബാറ്ററി ടോര്‍ച്ചും ചെറിയ വലയുമായി തോട്ടിറമ്പില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആ വഴിയിലുള്ള ഒരു വീട്ടുവളപ്പിലെ ഷെഡ്ഡിലാണ് തമിഴനും കുടുംബവും. ഒരു വൈകുന്നേരത്ത് ടൗണില്‍ നിന്ന് വരുന്ന ഞാന്‍ മതിലിട കടന്ന് പറമ്പിലേക്കെത്തി. അവിടെ മതില്‍ മൂലയില്‍ തമിഴന്റെ ഭാര്യയും അവരുടെ ഒക്കത്ത് രണ്ടുവയസ്സ് കഴിഞ്ഞ ഒരു കുഞ്ഞുമുണ്ട്. എന്റെ കൈയില്‍ കുട്ടികള്‍ക്കുള്ള പച്ച ആപ്പിളിന്റെ ഒരു പ്ലാസ്റ്റിക് സഞ്ചിയുണ്ടായിരുന്നു. തീരെ ചെറിയ ആപ്പിളുകളാണ്. തമിഴത്തിയുടെ കൈയിലുള്ള കുഞ്ഞ് നിര്‍ത്താതെ കരയുകയും, അവര്‍ അതിന്റെ കരച്ചില്‍ നിര്‍ത്താന്‍ പാടുപെടുകയും ചെയ്തു. അവരെ കടന്നുപോയ ഞാന്‍ കുറച്ചുദൂരം നടന്ന് എന്തോ പ്രേരണയില്‍ നിന്നു. വീണ്ടും തിരിഞ്ഞ് അവരുടെ നേരെ നടന്നു. എന്റെ വരവ് കണ്ട് ആ സ്ത്രീ മതിലിന്റെ മൂലയിലേക്ക് ഒതുങ്ങി മാറി. അവരുടെ മുഖത്ത് പെട്ടെന്നെന്തോ ഭയം കനത്തുവന്നു. ഞാനടുത്തു ചെല്ലുന്തോറും അത് കൂടി വന്നു. ഞാനവരുടെ മുമ്പില്‍ ചെന്ന് നിന്ന് പ്ലാസ്റ്റിക് കൂടിനകത്ത് നിന്ന് ഒരു ആപ്പിളെടുത്ത് കുഞ്ഞിന് നേരെ നീട്ടി. പെട്ടെന്നത് കരച്ചില്‍ നിര്‍ത്തി. തട്ടിപ്പറിക്കും പോലെ ആപ്പിള്‍ വാങ്ങി. ഒറ്റക്കടിക്ക് തിന്നാനുള്ള വ്യഗ്രതയില്‍ ആപ്പിളിന്റെ പച്ചയില്‍ കുഞ്ഞുപല്ലുകള്‍ ചേര്‍ത്തു. ഭയം മാറിയ ആ സ്ത്രീ കുഞ്ഞിനോട് പറയുന്നത് നടന്നു പോകുമ്പോള്‍ എനിക്ക് കേള്‍ക്കാമായിരുന്നു. “” അണ്ണാവുക്ക് നന്ദ്രി സൊല്ല് കണ്ണേ.”” അത് വെറും പച്ച ആപ്പിളായിരുന്നില്ല. അതൊരു ഭൂഗോളവും ആ കൊച്ചുപല്ലുകള്‍ ഭൂമിയ്ക്ക് മേല്‍ അമര്‍ന്ന മനുഷ്യന്റെ വിശപ്പുമായിരുന്നു.

**********

ആലുവയിലൊരിടത്ത് ഒരു സുഹൃത്തിന്റെ വീട് കണ്ടെത്താനുള്ള വ്യഗ്രതയിലായിരുന്നു ഞങ്ങള്‍ രണ്ടുപേര്‍. കാറിലായിരുന്നു യാത്ര. സന്ധ്യാസമയമാണ്. പലരോടും വഴി ചോദിച്ചു. കാര്‍ ഒരു ചെമ്മണ്‍റോഡിലേക്ക് കടക്കുമ്പോള്‍ മുതുക് കൂനിയ ഒരു വയസ്സന്‍ നില്‍ക്കുന്നു. ഭൂമിശാസ്ത്രവും മറ്റ് രേഖകളും കാരണവന്മാര്‍ക്ക് അറിയാമെന്നാണല്ലോ വെപ്പ്. കാര്‍ നിര്‍ത്തി ഞങ്ങള്‍ ചാടിയിറങ്ങി. നിര്‍ത്തിയ കാറില്‍ നിന്നിറങ്ങി വന്ന ഞങ്ങള്‍ക്ക് മുമ്പില്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ വയസ്സന്‍ “എന്നെ ഒന്നും ചെയ്യരുത്” എന്ന ഭാവത്തില്‍ നിന്നു. അദ്ധ്വാനം കൊണ്ടും ദാരിദ്ര്യം കൊണ്ടും ഉണങ്ങി ഒട്ടിപ്പോയ അയാളുടെ മസില്‍ഞരമ്പുകള്‍ പോലും വിറച്ചു കൊണ്ടിരുന്നു. അയാളും തമിഴനായിരുന്നു.

*********

ആദ്യമായി ഗള്‍ഫിലെത്തിയ ഞാന്‍… ഞാന്‍ എന്ന ഞാനൊക്കെ അലിഞ്ഞലിഞ്ഞില്ലാതാകുന്നത് അപരദേശത്താണ്. ഒറ്റയ്ക്ക് തുണിയലക്കുമ്പോള്‍, ഭക്ഷണമുണ്ടാക്കുമ്പോള്‍, സര്‍ക്കസ് റിങ്ങിലെ മൃഗശിക്ഷകരെപ്പോലെയുള്ളവരുടെ കീഴില്‍ പണിയെടുക്കുമ്പോള്‍, മരുവനങ്ങളില്‍ കാറ്റടിക്കുമ്പോള്‍, നമ്മളെത്ര ദൂരെയാണെന്ന് ചിന്തിക്കുമ്പോള്‍, അമ്മയെ പിരിഞ്ഞല്ലോയെന്നോര്‍ക്കുമ്പോള്‍, വിമാനം കയറാനുള്ള പെട്ടി കെട്ടാനുള്ള തിരക്കില്‍ ബന്ധുബഹളങ്ങള്‍ക്കിടയില്‍ ഭാര്യയെ ഒന്നു ചുംബിക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നാലോചിക്കുമ്പോള്‍, ഒക്കെയും ഒക്കെയും ആലോചിച്ച് കരയുന്നൊരു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മുറിവാതിലില്‍ ഒരു മുട്ട് കേട്ടു. സ്ഥിരം തല്ല് കൂടാറുള്ളൊരു പാക്കിസ്ഥാനിയാണ്.

ജോലിക്കിടയില്‍ പലപ്പോഴും അവനുമായി കശപിശ ഉണ്ടായിട്ടുണ്ട്. അവന്‍ പിറകില്‍ ഒരു പൊതി മറച്ചു പിടിച്ചിരുന്നു. വാതില്‍ തുറന്ന എന്റെ നേരെ നോക്കി അവനാദ്യം കാര്‍ക്കശ്യത്തോടെ പല്ലിറുമ്മി. പിന്നീടതൊരു ചിരിയായി മാറി. പൊതി അവനെനിക്ക് നീട്ടി. അതില്‍ കുറച്ച് മധുരപലഹാരങ്ങളായിരുന്നു. അവന്റെ ഉമ്മ ഉണ്ടാക്കി കൊടുത്തയച്ചത്. ഞാനത് വാങ്ങി നന്ദി പറഞ്ഞ് അവനെ യാത്രയാക്കി. പിന്നീട് മുറിയിലെവിടെയോ അത് മറവിയിലിരുന്നു. പിറ്റേ ആഴ്ച പാക്കിസ്ഥാനി പെട്ടെന്ന് നാട്ടിലേക്ക് വണ്ടി കയറി. അവന്റെ ഉമ്മ മരണപ്പെട്ടിരുന്നു. ഒരു വെള്ളിയാഴ്ച കരയുന്നതിനിടയില്‍ ഞാനാ പൊതി കണ്ടുപിടിച്ചു തുറന്നു. അതിലെ പലഹാരങ്ങള്‍ തണുത്തും മരവിച്ചും പോയിരുന്നു.

********

രാത്രി നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് വരുന്ന ഉപ്പയുടെ കൂടെ പലപ്പോഴും യാത്രയ്ക്കിടയില്‍ പെട്ടുപോയ ഫക്കീറന്മാരോ ഉസ്താദുമാരോ കാണും. എല്ലാവരും കഴിച്ചു കഴിഞ്ഞ സമയമാകും. ബാക്കി വരുന്ന ഒരാള്‍ ഉമ്മയാണ്. അതിഥിയും ഭര്‍ത്താവും കഴിച്ച് കഴിഞ്ഞ് ശേഷിക്കുന്ന കഞ്ഞിവെള്ളത്തിന്റെ വിശാലമായ സ്നേഹത്തില്‍ എന്റെയടുത്ത് വന്ന് കിടക്കുന്ന ഉമ്മയാണ് ആ താക്കോലെനിക്ക് തന്നത്. ലോകത്തിലേക്ക് തുറക്കുന്ന വാതിലിന്റെ താക്കോല്‍. അവിടെ അപരന്മാരില്ല. വാഗ അതിര്‍ത്തികളില്ല. എല്ലാം വിശാലവിശാലമാണ്. ആ താക്കോലിട്ട് തുറന്നാല്‍ ആരുടെ മുഖത്തും ഭയമുണ്ടാകില്ല. മനുഷ്യന്‍ വിശപ്പും അന്നവും മരണവും മാത്രമാണെന്ന് ഇപ്പോഴും പച്ച ആപ്പിളുകളും പാക്കിസ്ഥാനിയുടെ മധുരപലഹാരവും വയസ്സന്‍ തമിഴനും ഒരു വറ്റ് പോലുമില്ലാത്ത കഞ്ഞിവെള്ളം മാത്രം കുടിച്ചു ഉറങ്ങാന്‍ കിടന്ന ഉമ്മയുടെ വയറിന്റെ കടലിരമ്പവും എന്നോട് പറയുന്നു.

പി.എസ് റഫീഖ്‌
കഥാകൃത്തും തിരക്കഥാകൃത്തും