മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; സി.ഐ അടക്കം 4 പേര്‍ക്ക് പരിക്ക്
Kerala News
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; സി.ഐ അടക്കം 4 പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd December 2021, 8:16 pm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടു. വാഹനം നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. സി.ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാര്‍ണിംഗ് പൈലറ്റ് വാഹനമാണ് അപകടത്തില്‍ പെട്ടത്. കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി.ടി. തോമസിന് അന്ത്യോപചാരമര്‍പ്പിച്ച് മടങ്ങുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ടത്.

പൂജപ്പുരയില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് പി.എന്‍. പണിക്കരുടെ പ്രതിമ അനച്ഛാദനം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം വൈകീട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി പി.ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി പി.ടി. തോമസിന് അന്തിമോപചാരം അര്‍പ്പിച്ചത്. പി.ടി. തോമസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

തിരുവനന്തപുരത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാല്‍ മുഖ്യമന്ത്രിക്ക് വൈകിട്ടോടെയാണ് പി.ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്താനായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Pilot vehicle of Chief Minister Pinarayi Vijayan met with an accident