മെഡിക്കൽ യോഗ്യതയില്ലാത്ത ഫിസിയോതെറാപ്പിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവർ ഡോക്ടറല്ല: ഹൈക്കോടതി
Kerala
മെഡിക്കൽ യോഗ്യതയില്ലാത്ത ഫിസിയോതെറാപ്പിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവർ ഡോക്ടറല്ല: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th November 2025, 6:49 pm

തിരുവനന്തപുരം: മെഡിക്കൽ യോഗ്യതയില്ലാത്ത ഫിസിയോതെറാപ്പിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവർ ഡോക്ർ എന്ന വാക്ക് ഉപയോഗിക്കുന്നത് വിലക്കി കേരള ഹൈക്കോടതി.

ഇവർ പേരിന് മുമ്പിൽ ഡോക്ടർ എന്ന് ഉപയോഗിക്കരുതെന്നും അത് ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

1916 ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രി ആക്ടും ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കുമുള്ള യോഗ്യതാധിഷ്ഠിത പാഠ്യപദ്ധതിയിലെ Ext.P1,P1(a) എന്നീ വകുപ്പുകളും തമ്മിൽ വൈരുധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാത്ത ഏതൊരു ഫിസിയോതെറാപ്പിസ്റ്റിനും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും ഡോക്ടർ എന്ന പദവി ഉപയോഗിക്കുന്നത് ഇന്ത്യൻ മെഡിക്കൽ ഡിഗ്രി ആക്ടിന്റെ ലംഘനമാണ്.

ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർ എന്ന വാക്ക് അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (ഐഎപിഎംആർ) സമർപ്പിച്ച ഹർജിയിലാണ് നടപടി.

നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷൻസ് (NCAHP), സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത്കെയർ കൗൺസിൽ എന്നിവയ്‌ക്കെതിരെയാണ് ഹരജി സമർപ്പിച്ചത്.

കേസ് ഡിസംബർ ഒന്നിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അഭിഭാഷകരായ വി.വി. അശോകൻ, എസ്. പാർവതി, ടി. കെ. ശ്രീകല, നികിത സൂസൻ പോൾസൺ, ഉത്തര അശോകൻ, കെ. ജി. അനിൽ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

Content Highlight: Physiotherapists and occupational therapists without medical qualifications are not doctors: High Court