സുരേഷ് ഗോപിയുടെ ഫ്‌ളക്‌സില്‍ ഇന്നസെന്റിന്റെ ഫോട്ടോ; പരാതി നല്‍കാനൊരുങ്ങി കുടുംബം
Kerala News
സുരേഷ് ഗോപിയുടെ ഫ്‌ളക്‌സില്‍ ഇന്നസെന്റിന്റെ ഫോട്ടോ; പരാതി നല്‍കാനൊരുങ്ങി കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2024, 12:50 pm

തൃശൂര്‍: തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള പ്രചരണ ബോര്‍ഡില്‍ അന്തരിച്ച ഇടത് എം.പിയും നടനുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് സുരേഷ്‌ഗോപിക്കൊപ്പം ഇന്നസെന്റ് നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയത്.

തങ്ങളുടെ അനുവാദം വാങ്ങിയല്ല ബോര്‍ഡില്‍ ചിത്രം ഉള്‍പ്പെടുത്തിയതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് പരാതി നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ഇന്നസെന്റിന്റെ മകന്‍ സോണറ്റ് അറിയിച്ചു. എല്ലാത്തിനുമപ്പുറം സൗഹൃദം, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കു എന്ന് എഴുതിയ ബോര്‍ഡിലാണ് സുരേഷ്‌ഗോപിക്കൊപ്പം നില്‍ക്കുന്ന ഇന്നസെന്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്.

ഇന്ന് രാവിലെയാണ് ഇരിങ്ങാലക്കുടയില്‍ ഇത്തരത്തിലൊരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. 2014ല്‍ ഇടത് സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിച്ച് വിജയിച്ച് എം.പിയായ വ്യക്തിയാണ് ഇന്നസെന്റ്. 2019ലും അദ്ദേഹം മത്സരിച്ചിരുന്നെങ്കിലും ബെന്നിബെഹനാനോട് പരാജയപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച ഒരാളുടെ ചിത്രം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിലെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

നേരത്തെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ ചിത്രവും ബി.ജെ.പി തങ്ങളുടെ ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്.

content highlights: Photo of Innocent in Flex by Suresh Gopi; The family is about to file a complaint