'റിപീല്‍ യു.എ.പി.എ'; സി.പി.ഐ സമ്മേളന ബോര്‍ഡില്‍ അലനും താഹയും
Kerala News
'റിപീല്‍ യു.എ.പി.എ'; സി.പി.ഐ സമ്മേളന ബോര്‍ഡില്‍ അലനും താഹയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th September 2022, 2:46 pm

മലപ്പുറം: സി.പി.ഐ ജില്ലാ സമ്മേളന ബോര്‍ഡില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ചിത്രം. സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി എ.ഐ.എസ്.എഫ് മഞ്ചേരി മണ്ഡലം കമ്മിറ്റി മഞ്ചേരിയില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് ഇരുവരുടെയും ചിത്രം ഉള്‍പ്പെടുത്തിയത്.

‘റിപീല്‍ യു.എ.പി.എ’ എന്നും ‘യു.എ.പി.എ കരിനിയമം പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്താന്‍ പാടില്ല’ എന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയും ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അലനും താഹയേയും കൂടാതെ ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ ആനി ബാബു, റോണ വില്‍സന്‍, ആനന്ദ് ടെല്‍ത്തുംഡേ, ഷോമ സെന്‍ എന്നിവരുടെ ചിത്രങ്ങളും ബോര്‍ഡിലുണ്ട്.

ഈ മാസം 17,18,19 തിയതികളില്‍ മഞ്ചേരിയിലാണ് സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനം. യു.എ.പി.എ പ്രകാരം 2019 നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരള പൊലീസ് അറസ്റ്റ് ചെയ്തത്.

മാവോയിസ്റ്റ് ലഘുലേഖയും ബാനറും ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തെന്നായിരുന്നു കേസില്‍ പൊലീസ് പറഞ്ഞിരുന്നത്. ഏപ്രില്‍ 27 നാണ് ദേശീയ അന്വേഷണ ഏജന്‍സി ഇരുവര്‍ക്കുമെതിരായ കുറ്റപത്രം കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ട് വര്‍ഷത്തോളമുള്ള നിയമപോരാട്ടത്തിനൊടുവില്‍ കേസില്‍ ഇരുവര്‍ക്കും പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.