'ഹാട്രിക് കിരീടം' ചരിത്രത്തില്‍ ഒരാള്‍ മാത്രം നേടിയ അപൂര്‍വ നേട്ടത്തില്‍ ബെംഗളൂരു താരങ്ങള്‍
Cricket
'ഹാട്രിക് കിരീടം' ചരിത്രത്തില്‍ ഒരാള്‍ മാത്രം നേടിയ അപൂര്‍വ നേട്ടത്തില്‍ ബെംഗളൂരു താരങ്ങള്‍
Sudev A
Monday, 1st June 2026, 10:00 pm

2026 ഐ.പി.എല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ രണ്ടാം കിരീട നേട്ടം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ബെംഗളൂരു ഒരിക്കല്‍ കൂടി കിരീടം സ്വന്തമാക്കിയതോടെ ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്ന് സീസണില്‍ കിരീടം നേടുന്ന താരങ്ങളായി ഫില്‍ സാള്‍ട്ടും, സുയാഷ് ശര്‍മയും മാറി. 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കിരീടം നേടിയ സാള്‍ട്ടും സുയാഷും പിന്നീടുള്ള രണ്ട് സീസണുകളില്‍ ആര്‍.സി.ബിക്കൊപ്പവും കിരീട നേട്ടം ആവര്‍ത്തിച്ചു.

ഫിൽ സാൾട്ട് & സുയാഷ്‌ ശർമ

എന്നാല്‍ ഐ.പി.എല്ലില്‍ ഹാട്രിക് കിരീടം നേടുന്ന ആദ്യ താരം ഇവരല്ല. ഇന്ത്യന്‍ താരമായ കരണ്‍ ശര്‍മയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം കിരീടം നേടിയ കരണ്‍ 2017ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പവും കിരീടം സ്വന്തമാക്കി.

കരൺ ശർമ

അതേസമയം രണ്ടാം കിരീടം സ്വന്തമാക്കിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐ.പി.എല്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമായും ബെംഗളൂരു മാറിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയായിരുന്നു ആര്‍.സി.ബിയുടെ ആദ്യ കിരീട നേട്ടം.

അതേസമയം ഫൈനലില്‍ ബെംഗളൂരുവിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് വിരാട് കോഹ്‌ലിയാണ്. 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ വിരാട് മൂന്ന് സിക്‌സും ഒമ്പത് ഫോറുമാണ് അടിച്ചെടുത്തത്. മത്സരത്തിലെ താരവും വിരാടായിരുന്നു. ഇംപാക്ടായി ഇറങ്ങിയ വെങ്കിടേഷ് അയ്യര്‍ 16 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 32 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയാണ് മടങ്ങിയത്. ടിം ഡേവിഡ് 24 റണ്‍സും നേടിയിരുന്നു.

ആര്‍.സി.ബിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റുകളും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Phil salt and Suyash Sharma won hatric IPL trophy

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.