രോഗിയോട് അപമര്യാദയായി പെരുമാറിയ പി.ജി ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
Kerala News
രോഗിയോട് അപമര്യാദയായി പെരുമാറിയ പി.ജി ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th January 2022, 6:41 pm

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയോട് അപമര്യാദയായി പെരുമാറിയ പി.ജി ഡോക്ടര്‍ അനന്തകൃഷ്ണനെ സസ്പെന്റ് ചെയ്തു. രോഗിയുടെ ബന്ധുക്കളോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി.

പി.ജി ഡോക്ടറുടെ പെരുമാറ്റം മോശം ഇമേജാണ് പൊതുജനങ്ങള്‍ക്കിടയില്‍ ആശുപത്രിയുടെ പേരില്‍ ഉണ്ടാക്കിയതെന്ന് വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജോലിക്ക് വരേണ്ടതില്ലന്നാണ് പ്രിന്‍സിപ്പല്‍ സാറാ വര്‍ഗീസ് ഉത്തരവിട്ടത്.

അനന്തകൃഷ്ണന്‍ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവമുണ്ടായത്.

സംഭവത്തില്‍ കര്‍ശന നടപടി എടുക്കണം എന്ന് ആരോഗ്യ മന്ത്രിയും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.