കമ്യൂണിസത്തിന്റെ മതനിരാസം ഓര്‍മപ്പെടുത്തി തെളിച്ചം മാസിക; മത നിഷേധികളുണ്ടാകുന്നത് കമ്യൂണിസം കൊണ്ട് മാത്രമല്ലെന്ന് സത്യധാര എഡിറ്ററുടെ മറുപടി
Kerala News
കമ്യൂണിസത്തിന്റെ മതനിരാസം ഓര്‍മപ്പെടുത്തി തെളിച്ചം മാസിക; മത നിഷേധികളുണ്ടാകുന്നത് കമ്യൂണിസം കൊണ്ട് മാത്രമല്ലെന്ന് സത്യധാര എഡിറ്ററുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th January 2022, 5:39 pm

കോഴിക്കോട്: ‘കമ്യൂണിസം, മൂല്യ നിഷേധത്തിന്റെ മതവും പുറന്തള്ളലിന്റെ രാഷ്ട്രീയവും,’ എന്ന മുഖവാചകത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ തെളിച്ചം മാസികയുടെ ഈ ലക്കം പുറത്തിറങ്ങി.

ജമാഅത്തെ ഇസ്‌ലാമി നേതാവും മീഡിയാ വണ്‍ മാനേജിംഗ് എഡിറ്ററുമായ സി. ദാവൂദ്, എം.എസ്.എഫ്‌ ഹരിത മുന്‍  നേതാവ് നജ്മ തബ്ഷീറ, കെ.കെ. ബാബുരാജ്, ശൈഖ് സഈദ് റമളാന്‍ ബൂത്വി, ശൈഖ് ഹംസ യൂസുഫ് അദ്‌നാന്‍ ഇബ്‌റാഹീം ഹകീം എന്നിവര്‍ ഉള്‍പ്പെടെയുള്ളവവരുടെ ലേഖനങ്ങളോടെയാണ് തെളിച്ചം മാസികയുടെ കമ്യൂണിസം- മതനിരാസം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രത്യേക പംക്തി പുറത്തിറക്കിയിരിക്കുന്നത്.

കമ്യൂണിസം വരുത്തിവെക്കുന്ന അപകടത്തെ കുറിച്ച് വായിക്കാം ചിന്തിക്കാം വിട്ടുനില്‍ക്കാം എന്ന ക്യാപ്ഷനോടെയാണ് ലീഗ്, ജമാഅത്തെ ഇസ്‌ലാമി അണികള്‍ അടക്കമുള്ളവര്‍ പുതിയ തെളിച്ചം മാസികയുടെ കവര്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്.

‘കമ്യൂണിസ്റ്റ് ആശയങ്ങളുടെ അപകടവും ആഴത്തിലുള്ള വിമര്‍ശന പഠനവുമാണ് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ‘തെളിച്ചം’ സ്‌പെഷ്യല്‍ ഇഷ്യു പറയുന്നത്.

തൂലിക പടവാളാക്കി കാലം ആവശ്യപ്പെടുന്ന എഴുത്തുകളെ വായനക്കാരിലേക്ക് നല്‍കിയ എഡിറ്റോറിയല്‍ ബോര്‍ഡിന് അഭിനന്ദനം,’ എന്നാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് തെളിച്ചത്തിന്റെ കവര്‍ ഷെയര്‍ ചെയ്ത് എഴുതിയിരുന്നത്.

യുവതലമുറ മതനിരാസത്തിന്റെയും യുക്തിവാദത്തിന്റെയും ചതിക്കുഴികളില്‍ അകപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതും സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതുമുണ്ട്. ആ ദൗത്യമാണ് തെളിച്ചം നിര്‍വഹിക്കുന്നത് എന്നാണ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭിപ്രായപ്പെട്ടത്.

എന്നാലിപ്പോള്‍ ഇതിനൊക്കെയുള്ള മറുപടിയെന്നോണം രംഗത്തെത്തിയിരിക്കുകയാണ് എസ്.കെ.എസ്.എസ്.എഫിന്റെ വാരികയായ സത്യധാരയുടെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍.

മതനിരാസത്തിന് ഒരുപാട് കാരണമുണ്ടെന്നും അതിനെ ഒരു വഴിയിലേക്ക് മാത്രം തിരിച്ചുവിടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ മത നിരാസത്തെ പരിമിതപ്പെടുത്തുന്നതും അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മര്‍മം അറിഞ്ഞുള്ള ചികിത്സയല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം WIN/GIA പുറത്തുവിട്ട സര്‍വെ പ്രകാരം സാക്ഷാല്‍ സൗദി അറേബ്യയില്‍ മാത്രം 19 ശതമാനം ആളുകള്‍ മതനിരാസത്തിന്റെ വലയില്‍ വീണവരാണ്. അതോടൊപ്പം ജനങ്ങളില്‍ 5 ശതമാനം ഞങ്ങള്‍ നിരീശ്വരവാദികളാണെന്ന് തുറന്നു പറയുന്നവരാണ്. ഏകദേശം മുഴുവന്‍ പൗരന്മാരും മുസ്‌ലിങ്ങളായിട്ടുള്ള രാജ്യമാണ് സൗദി.

മതനിരാസത്തിന് വധശിക്ഷ നിയമമാക്കിയ നാട്. നിരീശ്വരവാദത്തെ ടെററിസത്തിന്റെ ഗണത്തില്‍പെടുത്തി നിരോധിച്ച നാട്. എന്നിട്ടും അവിടെ എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിച്ചു? ഇസ്‌ലാമിക പ്രബോധകര്‍ ചിന്തിക്കേണ്ട വിഷയമാണ്.

മതനിരാസം ഇങ്ങനെ പലയിടങ്ങളിലും വ്യാപകമാവുകയാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. പ്രബോധകര്‍ അതിനെയാണ് അഡ്രസ് ചെയ്യേണ്ടത്. ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ അതിനെ പരിമിതപ്പെടുത്തുന്നതും അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മര്‍മം അറിഞ്ഞുള്ള ചികിത്സയല്ല,’ അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍ കുറിപ്പില്‍ പറഞ്ഞു.

May be an image of text that says 'തളിച്ചം മാസിക JANUARY FEBRUARY 2022 ₹40 കമ്യൂണിസം മൂല്യനിഷേധത്തിൻ്റെ മതവും പുറന്തള്ളലിൻ്റെ രാഷ്ട്രീയവും മുഹമ്മദ് മുസ്‌ലിയാർ കുറ്റനാട് ശൈഖ് സഈാദ് റമളാൻ ബുത്വ ശൈഖ് ഹംസയൂസുഫ് ഹംസ അദ്നാൻ ഇബ‌റാഹിം ഹകിം ഫൈസി ആദ്യശ്ശേരി അലിയാർ ഖാസിമി ിയാളദ്ദിൻ ഫൈസി അബ്ദുസമദ പൂക്കോട്ടൂർ കെ. ബാബുരാജ് സി. ദാവുദ് ശുഐബുൽ ഹൈതമി അസിസ മോയിൻ ഷെരിഫ് സാഗർ ശറഫുദ്ദിൻ ഹുദവി ആനമങ്ങാട് ശമീറലി ഹുദവി പള്ളത്ത്. തബ്‌ഷിറ സഫീർ താനാളൂർ സലീം ങേളി പി.ടി ഖിളർ'

മലയാളി മുസ്‌ലിം ഫോക്കസ് ചെയ്യുന്ന മതനിരാസ പ്രസ്ഥാനങ്ങള്‍ പേരിനു പോലും ഇല്ലാത്തയിടങ്ങളിലും, രോഗവും രോഗികളും എമ്പാടും വളരുന്നു എന്നതിന്റെ ഉദാഹരണമാണ് സൗദി. കാരണങ്ങള്‍ പലതാണ്. പ്രബോധകരുടെ ബാധ്യതകള്‍ വലുതാണ്. ടെലസ്‌കോപ്പുകള്‍ ഒരു ദിശയിലേക്ക് മാത്രം തിരിക്കാതെ, എല്ലാം അരിച്ചുപെറുക്കലാണ് ബുദ്ധി. മതനിരാസം ഒരിക്കല്‍ ലോകത്ത് മല പോലെ വന്നു, എലിയെ പോലെ തിരിച്ചു പോയതാണ്. അത് ഇനിയും ആവര്‍ത്തിക്കും. ആവര്‍ത്തിക്കണം. മര്‍മമറിഞ്ഞു ചികിത്സിച്ചാല്‍ മതി. ഫലമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപരിപ്ലവ വിപ്ലവ സിദ്ധാന്തങ്ങളും, മൂല്യരഹിത യാഥാര്‍ത്ഥ്യവുമായ കമ്യൂണിസത്തെ പൊളിച്ചുകാട്ടുകയാണ് തെളിച്ചം മാസികയെന്ന് അഭിപ്രായം വരുമ്പോഴാണ് അന്‍വര്‍ സാദിഖ് ഫൈസി താനൂരിന്റെ കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ കമ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെ മുസ്‌ലിം സമുദായം കരുതിയിരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചിരുന്നു.

എന്നാല്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇത് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് നിഷേധിക്കുകയും ചെയ്തിരുന്നു.

CONTENT HIGHLIGHTS: Thelicham Magazine Reminiscent of the Atheism of Communism; Satyadhara editor replies that atheism is not only caused by communism