ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരായ ഹരജികള്‍ അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി
national news
ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരായ ഹരജികള്‍ അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th July 2022, 1:59 pm

ന്യൂദല്‍ഹി: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജികള്‍ അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആചാരങ്ങളില്‍ പ്രധാനമല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ വിധി. ഇതിനെതിരായ ഹരജികളായിരിക്കും സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കുക.

കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ അടിയന്തരമായി ഇടപെടാനില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിജാബ് വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച കോടതി ഉചിതമായ സമയത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിരുന്നു.

കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ഒരു വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹരജിയിന്മേലാണ് ജസ്റ്റിസ് എന്‍.വി. രമണ ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്.

കേസ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കഴിഞ്ഞ 10 വര്‍ഷത്തിലധികമായി വിദ്യാര്‍ത്ഥിനികള്‍ ഹിജാബ്/ ശിരോവസ്ത്രം ധരിക്കുന്നവരാണെന്നും വാദിച്ച് ഹരജിക്കാരിയുടെ വക്കീല്‍ കേസ് പരിഗണിക്കാന്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും സുപ്രീം കോടതി നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ഇനിയൊരു വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

ഫെബ്രുവരി 16നാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Content Highlight: petitions against karnataka highcourt’s verdict will be considered by next week says sc