മന്‍സിയയുടെ നൃത്തം ഹിന്ദുക്കളോടുള്ള വെല്ലുവിളി, എല്ലാ അഹിന്ദുക്കളേയും വിലക്കണം; ദേവസ്വത്തെ എതിര്‍കക്ഷിയാക്കി കോടതിയില്‍ ഹരജി
Kerala News
മന്‍സിയയുടെ നൃത്തം ഹിന്ദുക്കളോടുള്ള വെല്ലുവിളി, എല്ലാ അഹിന്ദുക്കളേയും വിലക്കണം; ദേവസ്വത്തെ എതിര്‍കക്ഷിയാക്കി കോടതിയില്‍ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd April 2022, 11:14 am

തൃശൂര്‍: കൂടല്‍മാണിക്യം ഭരതക്ഷേത്രത്തലെ ഉത്സവത്തോടനുബന്ധിച്ചുള്ള എല്ലാ പരിപാടികളില്‍ നിന്നും അഹിന്ദുക്കളെ പൂര്‍ണമായും വിലക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി. സൈജു എസ്. നായര്‍, വിജയകുമാര്‍ എന്നിവരാണ് ദേവസ്വത്തെ എതിര്‍കക്ഷിയാക്കി ഹര്‍ജി നല്‍കിയത്.

അഡ്വക്കേറ്റുമാരായ ബിജു എ.എ, ബിജു കാനാട്ട്, കെ.എ സുനിത എന്നിവര്‍ മുഖേനയാണ് ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയില്‍ ഇവര്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഭരതനാട്യ നര്‍ത്തകി മന്‍സിയയുടെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആചാരങ്ങള്‍ പ്രകാരം ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും ഇക്കാര്യം ക്ഷേത്രത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഹൈന്ദവവിശ്വാസങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും വിപരീതമായി മന്‍സിയ ശ്യാം കല്യാണിന്റെ ഭരതനാട്യം നടത്താന്‍ ആദ്യം അനുമതി നല്‍കിയത് ഹിന്ദുമതവിശ്വാസികളോടുള്ള വെല്ലുവിളിയും ക്ഷേത്രത്തോടുള്ള അനാദരവുമാണ്.

അതിനാല്‍ മന്‍സിയ അടക്കമുള്ള അഹിന്ദുക്കളുടെ മറ്റ് പരിപാടികളൊന്നും ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് നടത്തരുതെന്ന് ശാശ്വത നിരോധന ഇഞ്ചക്ഷന്‍ നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

ഭരതനാട്യ നര്‍ത്തകി മന്‍സിയയെ ഉത്സവത്തിനോടനുബന്ധിച്ചുള്ള നൃത്തപരിപാടിയില്‍ നിന്നും ഹിന്ദുവല്ല എന്ന കാരണം കാണിച്ച് വിലക്കിയതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിരുന്നു. പരിപാടിക്കുള്ള പോസ്റ്റര്‍ അടക്കം വിതരണം ചെയ്തതിന് ശേഷമാണ് മന്‍സിയയുടെ പരിപാടി റദ്ദാക്കിയതായി അറിയിക്കുന്നത്.

ഇക്കാര്യം വിശദമാക്കി മന്‍സിയ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചതോടെയാണ് ഇക്കാര്യം വ്യാപകമായി ചര്‍ച്ചയായത്.

ഇതോടെ മന്‍സിയയ്ക്ക് ഐക്യദാര്‍ഢ്യവുമായി മറ്റ് രണ്ട് ഭരതനാട്യകലാകാരികളും രംഗത്തുവന്നിരുന്നു. ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ നടക്കാനിരിക്കുന്ന പരിപാടിയില്‍ നിന്നും വിട്ടുനിന്നുകൊണ്ടാണ് ഇവര്‍ മന്‍സിയയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്.

മന്‍സിയക്ക് ഐക്യദാര്‍ഢ്യം; കൂടല്‍മാണിക്യ ക്ഷേത്രത്തിലെ പരിപാടി ബഹിഷ്‌കരിച്ച് ഭരതനാട്യം കലാകാരികള്‍

Content Highlight: Petition for prohibit the entry of non Hindus to Koodalmanikyam temple