തിരുവനന്തപുരം: പാലക്കാട്ടെ കഞ്ചിക്കോട് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് മദ്യനിര്‍മാണ ഫാക്ടറി ആരംഭിക്കാന്‍ അനുമതി നല്‍കിയതിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
എല്ലാ വികസന പദ്ധതികളെയും എതിര്‍ക്കുന്നവരാണ് പ്രതിപക്ഷമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ ഏത് കാര്യത്തിലാണ് പ്രതിപക്ഷം ആശങ്ക ഉണ്ടാക്കാത്തതെന്നും എം.ബി. രാജേഷ് ചോദിച്ചു. എതിര്‍ക്കാന്‍ മാത്രമാണ് പ്രതിപക്ഷത്തിന് അറിയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, കെ റെയില്‍, വാട്ടര്‍ മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയെയെല്ലാം പ്രതിപക്ഷം എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഒയാസിസിന് അനുമതി നല്‍കിയതെന്നും എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് (ഞായര്‍) രാവിലെയോടെ മദ്യനിര്‍മാണ ഫാക്ടറിക്കായി കണ്ടെത്തിയ സ്ഥലത്ത് കോണ്‍ഗ്രസ് കൊടി നാട്ടി പ്രതിഷേധിച്ചിരുന്നു. വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പദ്ധതി പ്രദേശത്തെ കുടിവെള്ളം മുട്ടിക്കുമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം പ്രദേശവാസികളെ അണിനിരത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിത്.
പദ്ധതിക്ക് അനുമതി നല്‍കിയ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിനെതിരെ നാളെ (തിങ്കള്‍) പഞ്ചായത്ത് അടിയന്തിര യോഗം ചേരുമെന്നും വിവരമുണ്ട്.
മദ്യനിര്‍മാണ ഫാക്ടറിക്കുള്ള അനുമതി റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു. യാതൊരു വിധത്തിലുള്ള നടപടിക്രമങ്ങളും പാലിക്കാതെയാണ് മധ്യപ്രദേശിലെ ഒയാസിസ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.
എന്തുകൊണ്ടാണ് ഒയാസിസിന് മാത്രം അനുമതി ലഭിച്ചു, എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയെ തെരഞ്ഞെടുത്തത് എന്ന ചോദ്യങ്ങള്‍ വി.ഡി. സതീശന്‍ ഉയര്‍ത്തിയിരുന്നു.
Content Highlight: Permission granted to Oasis in compliance with all regulations: M.B. Rajesh