സേലം: പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തുടര്‍ച്ചയായി ജാതീയാധിക്ഷേപം നടത്തിയ പെരിയാര്‍ വാഴ്‌സിറ്റിയിലെ മുതിര്‍ന്ന പ്രൊഫസര്‍ ടി. പെരിയസാമിയെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ് പഠനവിഭാഗത്തിലെ പ്രൊഫസറായിരുന്നു പെരിയസാമി.
ജാതീയമായി അധിക്ഷേപിച്ചു, ഗവേഷണത്തെ തടസപ്പെടുത്തി, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു തുടങ്ങിയ നിരവധി പരാതികള്‍ പ്രൊഫസര്‍ക്കെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍.
സസ്‌പെന്‍ഷനിലായ പ്രൊഫസര്‍ക്ക് വാഴ്‌സിറ്റിയില്‍ പ്രവേശിക്കാനോ മുന്‍കൂട്ടി അനുമതി വാങ്ങാതെ സേലത്തുനിന്നും മാറി നില്‍ക്കാനോ സാധിക്കില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു.
ജാതിയുടെ അടിസ്ഥാനത്തില്‍ പെരിയസാമി, വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുകയും, പരസ്യമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന് നിരവധി ഗവേഷണ വിദ്യാര്‍ത്ഥികളാണ് പരാതിപ്പെട്ടത്. ഗവേഷണ പ്രബന്ധങ്ങള്‍ മനപൂര്‍വം വൈകിപ്പിക്കുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനെ തടയുകയും ചെയ്‌തെന്നും പരാതികളില്‍ പറയുന്നു.
ഗവേഷണ പുരോഗതിയെ തടസപ്പെടുന്നവിധത്തില്‍ വിദ്യാര്‍ത്ഥികളെകൊണ്ട് മറ്റ് ജോലികള്‍ ചെയ്യിപ്പിക്കുന്നതും പതിവായിരുന്നു. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാതെ കടുത്തസമ്മര്‍ദത്തിലേക്ക് തള്ളിവിട്ടതോടെ പല വിദ്യാര്‍ത്ഥികള്‍ക്കും പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
സഹപ്രവര്‍ത്തകര്‍ക്ക് എതിരെ മോശമായ ഭാഷ ഉപയോഗിക്കുന്നതായും, അനധ്യാപകരായ ജീവനക്കാരെ ഭയപ്പെടുത്തുന്നതായും പെരിയസാമിക്ക് എതിരായി ഉയര്‍ന്ന പരാതികളില്‍ പറയുന്നു.
കോളേജിയേറ്റ് എജ്യുക്കേഷന്‍ കമ്മീഷണര്‍ ഇ. സുന്ദരവല്ലി, ജേണലിസം വിഭാഗം തലവന്‍ ആര്‍.സുബ്രമണി, ശ്രീ ശക്തികൈലാശ് വിമണ്‍സ് കോളേജ് പ്രിന്‍സിപ്പല്‍ എസ്. ജയന്തി തുടങ്ങിയവരുള്‍പ്പെട്ട മൂന്നംഗ വൈസ് ചാന്‍സലേഴ്‌സ് സമിതിയാണ് പ്രൊഫസര്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ പെരിയസാമി പ്രതികരിച്ചിട്ടില്ല.
അതേസമയം, പ്രൊഫസര്‍ക്ക് എതിരായ നടപടിയില്‍ സന്തോഷമുണ്ടെന്ന് പെരിയാര്‍ സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍(പി.യു.ടി.എ) പ്രതികരിച്ചു. നടപടിയെടുത്ത തമിഴ്‌നാട് സര്‍ക്കാരിനും സര്‍വകലാശാല അധികൃതര്‍ക്കും നന്ദി പറഞ്ഞ അധ്യാപകര്‍, നീണ്ടകാലത്തെ പരാതിക്കാണ് പരിഹാരമുണ്ടായതെന്നും പറഞ്ഞു.
Content Highlight: Periyar University professor suspended