കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലും, കാലത്തിനൊത്ത് മാറ്റങ്ങള്‍ സംഭവിക്കുന്ന ശരീരപ്രകൃതവും
Entertainment news
കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലും, കാലത്തിനൊത്ത് മാറ്റങ്ങള്‍ സംഭവിക്കുന്ന ശരീരപ്രകൃതവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th March 2023, 3:42 pm

 

രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്, ജോജു ജോര്‍ജ്, ഇന്ദ്രജിത്, നിമിഷ സജയന്‍ എന്നിവര്‍ പ്രാധാന കഥാപാത്ത്രിലെത്തിയ സിനിമയാണ് തുറമുഖം. ചാപ്പ സമ്പ്രദായത്തിനെതിരെ തുറമുഖ തൊഴിലാളികള്‍ നടത്തിയ സമരവും അതേ തുടര്‍ന്നുണ്ടായ മട്ടാഞ്ചേരി വെടിവെപ്പുമാണ് സിനിമയുടെ പ്രമേയം.

തുറമുഖം എന്ന പേരില്‍ കെ.എം.ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാടകം മാത്രമാണ് ഈ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഏക കലാസൃഷ്ടി എന്നാണ് ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. ആ നാടകത്തിന്റെ സിനിമാവിഷ്‌കാരമായാണ് രാജീവ് രവി തിയേറ്ററുകളിലെത്തുന്നത്. കെ.എം. ചിദംബരത്തിന്റെ മകനായ ഗോപന്‍ ചിദംബരമാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

മട്ടാഞ്ചേരിയിലെ തുറമുഖ തൊഴിലാളികള്‍ക്ക് കപ്പലില്‍ വന്നിറങ്ങുന്ന ചരക്ക് ഇറക്കണമെങ്കില്‍ ചാപ്പയെന്ന പേരില്‍ അറിയപ്പെടുന്ന ലോഹ നാണയം ആവശ്യമാണ്. അതാണെങ്കില്‍ തന്നെ കൂടി നില്‍ക്കുന്ന തൊഴിലാളി കൂട്ടത്തിനിടയിലേക്ക് മൂപ്പന്മാരും അവരുടെ കങ്കാണിമാരും എറിഞ്ഞ് കൊടുക്കുകയാണ് രീതി. എറിഞ്ഞ് തരുന്ന നാണയം കൈവശം കിട്ടുന്ന ആളുകള്‍ക്ക് മാത്രമാണ് അന്ന് ജോലിയുണ്ടാവുക.

സിനിമയിലേക്ക് വരുമ്പോള്‍ മൂപ്പന്റെ കങ്കാണിയായിട്ടാണ് സുദേവ് നായര്‍ വേഷമിടുന്നത്. പിന്നീട് കഥ മുന്നോട് സഞ്ചരിക്കുമ്പോള്‍ അദ്ദേഹം തൊഴിലാളി യൂണിയന്റെ സെക്രട്ടറിയായിട്ടൊക്കെ മാറുന്നുണ്ട്. സിനിമയില്‍ തനിക്ക് കിട്ടിയ കഥാപാത്രത്തെ ഏറ്റവും മനോഹരമായി അവതരിപ്പിച്ച ഒരാള്‍ കൂടിയാണ് സുദേവ്.

സിനിമയില്‍ കാലഘട്ടത്തിന് അനുസരിച്ച് ശാരീരിക മാറ്റങ്ങള്‍ സംഭവിക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളിലൊന്നാണ് സുദേവ് അവതരിപ്പിച്ച കഥാപാത്രം. അത് കൃത്യമായി തന്നെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്നുമുണ്ട്. സിനിമയുടെ തുടക്കത്തില്‍ സുദേവിന്റെ വളരെ ഫിറ്റായിട്ടുള്ള ശരീരമാണ് അദ്ദേഹത്തിനുള്ളത്. എന്നാല്‍ സിനിമ അടുത്ത കാലഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആ ഫിറ്റ്‌നസൊക്കെ പൂര്‍ണമായി നഷ്ടപ്പെടുന്നുണ്ട്. അതിലേക്ക് എത്താന്‍ അദ്ദേഹം നല്ലരീതിയിലുള്ള അധ്വാനം നടത്തിയിട്ടുണ്ടെന്ന് ഉറപ്പാണ്.

content highlight: performance of sudev nair in thuramukham movie