പേരാമ്പ്ര സംഘര്‍ഷം: പൊലീസിന് നേരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞെന്ന് ആരോപണം; ദൃശ്യങ്ങള്‍ പുറത്ത്
Kerala
പേരാമ്പ്ര സംഘര്‍ഷം: പൊലീസിന് നേരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞെന്ന് ആരോപണം; ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th October 2025, 5:45 pm

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞെന്ന് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് സ്‌ഫോടക വസ്തു എറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

ദൃശ്യങ്ങളില്‍ പൊലീസ് ഒരു ഭാഗത്ത് സംഘം കൂടി നില്‍ക്കുന്നതും മറുവശത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ കൂട്ടം കൂടി നില്‍ക്കുന്നതും കാണാം. അതില്‍ ഒരു യുവാവ് പൊലീസുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിനിടെ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും ഒരു വസ്തു പൊലീസിന്റെ നേരെ ചെന്ന് വീഴുന്നുണ്ട്. അത് ഉടനെ പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാവുന്നുണ്ട്.

പൊലീസിനിടയില്‍ ചെന്ന് വീണത് സ്‌ഫോടക വസ്തു തന്നെയാണെന്നും അതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും സി.പി.ഐ.എം ആരോപിച്ചു. യു.ഡി.എഫ് മനപൂര്‍വം കലാപ ശ്രമം നടത്തുകയാണെന്നും സി.പി.ഐ.എം ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

സി.കെ.ജി.എം ഗവ. കോളേജ് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ പ്രശ്നങ്ങളിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ വെള്ളിയാഴ്ച യു.ഡി.എഫ് ഹർത്താൽ സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻഡിന് സമീപം വെച്ച് പൊലീസ് തടയുകയും അത് വലിയ സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

പിന്നാലെ, വടകര എം.പിയും ഷാഫി പറമ്പിലും ഡി.സി.സി പ്രസിഡന്റ പ്രവീൺ കുമാർ എന്നിവർ എത്തിക്കുകയും പ്രതിഷേധം കടുക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷമുണ്ടായതോടെ പൊലീസ് ഗ്രനേഡ് ഉപയോഗിക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്തു. ഇതിൽ ഷാഫിക്ക് പരിക്കേറ്റിരുന്നു.

കൂടാതെ, പ്രവീൺ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ഇവർക്ക് പുറമെ, ഡി.വൈ.എസ്.പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റു.

നിലവിൽ മൂക്കിന് പരിക്കേറ്റ എം.പി ഷാഫി പറമ്പിൽ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികത്സയിലാണ്.

അതേസമയം, എം.പിക്ക് ലാത്തിച്ചാർജിനിടെയല്ല ഷാഫിക്ക് പരിക്കേറ്റതെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു.

Content Highlight: Perambra clash: UDF activists allegedly threw explosives at police; footage released