അടുത്ത സി.സി.എല്ലിൽ ഓപ്പണിങ് ബാറ്റിങ് എനിക്ക് തരണം : ആന്റണി വർഗീസ് പെപ്പെ
Film News
അടുത്ത സി.സി.എല്ലിൽ ഓപ്പണിങ് ബാറ്റിങ് എനിക്ക് തരണം : ആന്റണി വർഗീസ് പെപ്പെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th September 2023, 12:49 pm

അടുത്ത സി.സി.എല്ലിൽ (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്) തനിക്ക് ഓപ്പണിങ് ബാറ്റിങ് തരണമെന്ന് ആന്റണി വർഗീസ് പെപ്പെ. സി.സി.എൽ ക്യാപ്റ്റൻ കുഞ്ചാക്കോ ബോബനോടാണ് പെപ്പെ തന്റെ ആഗ്രഹം തമാശ രൂപേണ പറഞ്ഞത്. ക്യാപ്റ്റൻ തന്നെ ആയിക്കോ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. ഇരുവരും സ്കൈലാർക്ക് എന്റെർറ്റൈന്മെന്റ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

‘നമ്മുടെ സി.സി.എല്ലിന്റെ ക്യാപ്‌റ്റനാണ് ചാക്കോച്ചൻ. എന്റെ ക്യാപ്റ്റനാണ് തൊട്ടടുത്ത് ഇരിക്കുന്നത്. അടുത്ത പ്രാവശ്യം ഓപ്പണിങ് ബാറ്റിങ് എനിക്ക് തരണം,’ ആന്റണി വർഗീസ് പെപ്പെ പറഞ്ഞു.

 

ഓപ്പണിങ് ബാറ്റിങ് തനിക്ക് വേണമെന്ന് പെപ്പെ പറഞ്ഞപ്പോൾ ക്യാപ്റ്റൻ തന്നെ ആയിക്കോ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. ക്യാപ്റ്റനൊന്നും തനിക്ക് വേണ്ടെന്ന് ഈ സമയം ആന്റണി വർഗീസ് പെപ്പെ പറഞ്ഞു. താനും പെപ്പെയുമൊക്കെ ക്രിക്കറ്റ് പ്രേമികളാണെന്നും അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

സി.സി. എൽ കേരളത്തിന്റെ ക്യാപ്റ്റൻ കുഞ്ചാക്കോ ബോബനാണ്. ഇന്ദ്രജിത്, ആസിഫ് അലി, രാജീവ് പിള്ള, വിവേക് ഗോപൻ, ഉണ്ണി മുകുന്ദൻ, സിജു വിൽ‌സൺ, മണിക്കുട്ടൻ വിജയ് യേശുദാസ് സൈജു കുറുപ്പ് , വിനു മോഹൻ, അർജുൻ നന്ദകുമാർ, സിദ്ധാർഥ് മേനോൻ, കലാഭവൻ പ്രജോദ് ,
ഷഫീഖ് റഹ്മാൻ, നിഖിൽ കെ. മേനോൻ, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവർ മറ്റ്‌ ടീം അംഗങ്ങളാണ്.

ആന്റണി വർഗീസ് പെപ്പെയും കുഞ്ചാക്കോ ബോബനും ഒരുമിച്ച് ക്രിക്കറ്റ് കളിക്കുന്ന രംഗങ്ങങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇന്നലെ മുതൽ വന്നുകൊണ്ടിരിക്കുന്നത്. ഇവരുടെ പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷന്റെ ഭാഗമായാണ് കളി സംഘടിപ്പിച്ചത്. വിഡിയോയിൽ പെപ്പെയും കുഞ്ചാക്കോ ബോബനും ബാറ്റിങ് ചെയ്യുകയും അരുൺ നാരായണൻ ബൗളിങ് ചെയ്യുന്നതും കാണിക്കുന്നുണ്ട്.

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ എന്ന സിനിമ ഈ മാസം അവസാനം തിയറ്ററുകളിൽ എത്തുകയാണ്. പേപ്പേക്കും ചാക്കോച്ചനും പുറമെ അർജുൻ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. അരുൺ നാരായണും വേണു കുന്നപ്പിള്ളിയുമാണ് ചിത്രം നിർമിക്കുന്നത്.

Content Highlight: Pepe wants to give the opening batting in the next CCL