പീച്ചി കസ്റ്റഡി മര്‍ദനം; കുറ്റസമ്മതം നടത്തി മുന്‍ എസ്.ഐ
Kerala
പീച്ചി കസ്റ്റഡി മര്‍ദനം; കുറ്റസമ്മതം നടത്തി മുന്‍ എസ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd October 2025, 7:59 am

തൃശൂര്‍: പീച്ചി കസ്റ്റഡി മര്‍ദനത്തില്‍ കുറ്റസമ്മതം നടത്തി മുന്‍ എസ്.ഐ പി.എം. രതീഷ്. ഹോട്ടല്‍ ഉടമസ്ഥനെയും ജീവനക്കാരനെയും മര്‍ദിച്ച സംഭവത്തിലാണ് രതീഷ് വീഴ്ച സമ്മതിച്ചിരിക്കുന്നത്. ദക്ഷിണ മേഖല ഐ.ജിയുടെ കാരണംകാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് മുന്‍ എസ്.ഐയുടെ കുറ്റസമ്മതം.

കസ്റ്റഡി മര്‍ദനങ്ങളില്‍ ആഭ്യന്തരവകുപ്പ് നടപടികള്‍ വേഗത്തിലാകുന്നതിനിടെയാണ് രതീഷിന്റെ മറുപടി. കസ്റ്റഡി മര്‍ദനം സംബന്ധിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതിനുപിന്നാലെ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

പിന്നീട് രതീഷിനെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുക്കില്ലെന്നും വകുപ്പുതല നടപടികളായ പിരിച്ചുവിടലിന് ഉള്‍പ്പെടെ സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.എസ്. സുജിത്ത് മര്‍ദിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പീച്ചിയിലെ സംഭവം. 2023ല്‍ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ 2025 സെപ്റ്റംബര്‍ ഏഴിനാണ് പുറത്തുവന്നത്.

2023 മെയ് 24നാണ് മര്‍ദനം നടന്നത്. ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പും മകന്‍ പോള്‍ ജോസഫും ഹോട്ടലിലെ ജീവനക്കാരനുമാണ് മര്‍ദനത്തിന് ഇരയായത്. ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മൂവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ഔസേപ്പിന് സ്റ്റേഷനില്‍ നിന്നുള്ള മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് മര്‍ദന ദൃശ്യം പുറത്തുവന്നത്.

Content Highlight: Peechi custody beating; Former SI confesses to crime