ലാ ലിഗയില്‍ ഒസാസുനക്കെതിരെയുള്ള മത്സരത്തില്‍ ബാഴ്‌സലോണ തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയിരുന്നത്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കറ്റാലന്മാരുടെ വിജയം. മത്സരത്തില്‍ വിജയത്തിനൊപ്പം ഒരു വമ്പന്‍ നേട്ടമാണ് ബാഴ്‌സയുടെ സ്പാനിഷ് യുവതാരം പെഡ്രി കൈവരിച്ചത്. ഗോളുകളോ അസിസ്റ്റുകളോ നേടാതെയാണ് താരത്തിന്റെ നേട്ടം.
ബാഴ്‌സലോണക്കായി 200ാം മത്സരത്തില്‍ പെഡ്രി സ്റ്റാര്‍ട്ടറായി കളത്തിലിറങ്ങിയാണ് റെക്കോഡിട്ടത്. ക്ലബ്ബിനായി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പെഡ്രി. 23 വയസും 159 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ഈ നേട്ടം.
ബാഴ്‌സയുടെ ഇതിഹാസ താരമായ ലയണല്‍ മെസിയെ മറികടന്നാണ് പെഡ്രി ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. മെസി 23 വയസും 227 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നത്.
നിലവില്‍ ബാഴ്സലോണയില്‍ കളിക്കുന്ന താരങ്ങളില്‍ മെസിക്കൊപ്പം ഒരുമിച്ച് കളിച്ചിട്ടുള്ള ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് പെഡ്രി. 47 മത്സരങ്ങളിലാണ് മെസിയും പെഡ്രിയും ഒരുമിച്ച് പന്തുതട്ടിയത്. ഇതില്‍ മൂന്ന് സംയുക്ത ഗോളുകളും ഇരുവരും സ്വന്തമാക്കി.
2019ലാണ് പെഡ്രി ബാഴ്സലോണയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് കറ്റാലന്മാരുടെ മധ്യനിരയിലെ വിശ്വസ്തനായ താരമായി ഈ 23കാരന്‍ മാറുകയായിരുന്നു. ബാഴ്‌സലോണയുടെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും പെഡ്രി തന്നെയാണ്.
അതേസമയം മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചില്ല. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ബാഴ്‌സക്ക് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഫെറാന്‍ ടോറസ് എന്നിവരാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. റൗള്‍ ഗാര്‍സിയയാണ് ഒസാസുനക്കായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
നിലവില്‍ സ്പാനിഷ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. 34 മത്സരങ്ങളില്‍ 24 വിജയങ്ങളും ഒരു സമനിലയും നാല് തോല്‍വിയുമടക്കം 88 പോയിന്റാണ് കറ്റാലന്മാരുടെ അക്കൗണ്ടിലുള്ളത്.
ലീഗില്‍ ഇനി നാല് മത്സരങ്ങളാണ് ബാക്കിയുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയലിന് 77 പോയിന്റാണുള്ളത്. നിലവില്‍ ലോസ് ബ്ലാങ്കോസുമായി 11 പോയിന്റ് വ്യത്യാസമാണ് ബാഴ്‌സയ്ക്കുള്ളത്. മെയ് 11ന് നടക്കുന്ന എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തിയാല്‍ ബാഴ്‌സക്ക് കിരീടമുറപ്പിക്കാന്‍ സാധിക്കും.
Content Highlight: Pedri Breaks Lionel Messi Record in Barcelona