ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പദ്ധതിയില്‍ ഉടന്‍ ഫലമുണ്ടാകട്ടെയെന്ന് മാര്‍പാപ്പ പറഞ്ഞു. ആഞ്ചലസില്‍ നടന്ന പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതി ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ലിയോ പതിനാലാമന്‍ പറഞ്ഞത്. ഗസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഈ പദ്ധതിയില്‍ എല്ലാ കക്ഷികളും പങ്കുചേരണമെന്നും വിലയിരുത്തലുകള്‍ നടത്തണമെന്നും മാര്‍പാപ്പ പറഞ്ഞു. ഫലസ്തീനിലെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളിൽ താന്‍ ദുഃഖിതനായി തുടരുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. ലോകത്ത് ജൂതവിരുദ്ധത വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാഞ്ചസ്റ്ററിലെ സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തെ ഉദ്ധരിച്ചായിരുന്നു മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.
ചൊവ്വാഴ്ച ഫിലിപ്പീന്‍സിലുണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരണപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു.
ഇതിനുപുറമെ യു.എസിന്റെ കുടിയേറ്റ നയത്തെയും ലിയോ പതിനാലാമന്‍ പരോക്ഷമായി വിമര്‍ശിച്ചു. ലോകത്തെ 1.4 ബില്യണ്‍ കത്തോലിക്കക്കാര്‍ കുടിയേറ്റക്കാരെ പരിപാലിക്കാന്‍ തയ്യാറാകണമെന്നാണ് അദ്ദേഹം പറഞ്ഞത്.
മനുഷ്യന്റെ അന്തസിന് ഇപ്പോഴും പ്രഥമ സ്ഥാനം നല്‍കണം. വിവേചന മനോഭാവത്തോട് കൂടി കുടിയേറ്റക്കാരെ പരിഗണിക്കരുതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ കൈകളും ഹൃദയങ്ങളും കുടിയേറ്റക്കാര്‍ക്കായി തുറന്ന് കൊടുക്കാനും അവര്‍ക്ക് ആശ്വാസത്തിന്റെ സാന്നിധ്യമായിരിക്കാനും ശ്രമിക്കുക,’ മാര്‍പാപ്പ ആഹ്വാനം ചെയ്തു. അതേസമയം യു.എസിന്റെ പേരെടുത്ത് പറയാതെയായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം.
സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളോടാണ് യു.എസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ കൂടിയായ ലിയോ പതിനാലാമന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. അതേസമയം എച്ച് 1-ബി വിസയുടെ ഫീസ് 100 ശതമാനമാക്കി ഉയര്‍ത്തിയതുള്‍പ്പെടെയുളള യു.എസിന്റെ നയങ്ങള്‍ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ളതാണ്.
Content Highlight: Peace must prevail in Gaza; Pope expresses hope in Trump’s 20-point plan