പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന മുന്നണിയില്‍ തുടരരുത്; ജോസ് കെ. മാണി എല്‍.ഡി.എഫ്. വിടണമെന്ന് പി.സി. ജോര്‍ജ്
bar scam
പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന മുന്നണിയില്‍ തുടരരുത്; ജോസ് കെ. മാണി എല്‍.ഡി.എഫ്. വിടണമെന്ന് പി.സി. ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th July 2021, 6:15 pm

കോട്ടയം: ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ എക്കാലത്തേയും നിലപാട്. പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന പാര്‍ട്ടിയില്‍ പോയി ജോസ് കെ. മാണി ചേര്‍ന്നത് തന്നെ അപമാനകരമാണ്,’ പി.സി. ജോര്‍ജ് പറഞ്ഞു.

കെ.എം മാണിയോട് സ്നേഹമുള്ള പ്രവര്‍ത്തകരെങ്കിലും ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫില്‍ തുടരുന്നത് വഴി കെ.എം. മാണി അഴിമതിക്കാരനാണെന്ന് ജോസ് കെ. മാണി സമ്മതിക്കുകയാണെന്ന് പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞത്.

അഴിമതിക്കാരനെതിരെയാണ് എം.എല്‍.എമാര്‍ സഭയില്‍ പ്രതിഷേധിച്ചതെന്ന് സര്‍ക്കാര്‍ വാദിച്ചു. കെ.എം. മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റവതരണം എം.എല്‍.എമാര്‍ തടസ്സപ്പെടുത്തിയതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്.

ഇതിന്റെ പേരില്‍ നിയമസഭ തന്നെ എം.എല്‍.എമാര്‍ക്ക് ശിക്ഷാനടപടികള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള കേസുകള്‍ മറ്റും ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ എം.എല്‍.എമാര്‍ നടത്തിയ അക്രമസംഭവങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ഒരു നിയമസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ധനബില്‍ അവതരണവുമായി ബന്ധപ്പെട്ട നടപടികള്‍. ആ അവതരണമാണ് ഈ എം.എല്‍.എമാര്‍ തടസ്സപ്പെടുത്തിയതെന്നും അതിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്ത് സന്ദേശമാണ് ഇതിലൂടെ എം.എല്‍.എമാര്‍ പൊതുസമൂഹത്തിന് നല്‍കിയതെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ എം.ആര്‍. ഷാ ആരാഞ്ഞു.

സര്‍ക്കാരിന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പാണ് സുപ്രീംകോടതി രേഖപ്പെടുത്തിയത്. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന് മാത്രമാണ് ഈ കേസ് പിന്‍വലിക്കാനുള്ള അധികാരമുള്ളത്. സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അധികാരമില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

അതേസമയം കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ജൂലൈ 15-ലേക്ക് മാറ്റി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PC George KM Mani Jose K Mani Bar Scam LDF