കോഴിക്കോട്: പയ്യോളിയില്‍ 13-കാരിയെ ലൈംഗികമായി പീഡിപ്പിച്ച പോക്‌സോ കേസില്‍ ഒന്നാം പ്രതി അറസ്റ്റിലാവാതെ ജാമ്യത്തിലിറങ്ങിയ സംഭവത്തില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പെണ്‍കുട്ടിയുട വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതിഷേധം. കേസിലെ പ്രതിയായ വടകര ചങ്ങരോത്ത് സ്വദേശിയും വ്യവസായിയുമായ അബ്ദുല്‍ റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അബ്ദുല്‍ റഫീഖിനെതിരെ കേസെടുത്തത്. എന്നിട്ടും ഒരു ദിവസം പോലും റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പൊലീസ് സ്വീകരിക്കുന്ന നിലപാടില്‍ ദുരൂഹതയുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇരയായ കുട്ടിക്ക് അര്‍ഹമായ നീതി നിഷേധിക്കപ്പെട്ടു. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുമുണ്ടായി. നിഷ്‌ക്രിയ സമീപനമാണ് പൊലീസ് ഈ കേസില്‍ സ്വീകരിച്ചത്. ഇത് എളുപ്പത്തില്‍ ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കിയതായും പ്രതിഷേധക്കാര്‍ പറഞ്ഞു.

കത്തി കാട്ടി ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും രണ്ട് വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഢിപ്പിച്ചെന്നാണ് റഫീഖിനെതിരായ പരാതി. കുട്ടി പഠനത്തില്‍ ഏറെ പിന്നോക്കം പോയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഢന വിവരങ്ങള്‍ പുറത്തറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തു മാസം മുന്‍പ് പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കുട്ടിയുടെ മാതാവിന്റെ സഹായത്തോടെ റഫീഖ് കുട്ടിയെ പീഢിപ്പിച്ചെന്നാണ് കേസ്. ഇതില്‍ രണ്ടാം പ്രതിയായ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പൊലീസ് റിമാന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.

ഒന്നാം പ്രതിയായ റഫീഖ് ഇതിനിടെ വിദേശത്തേക്ക് കടക്കുകയും ചെയ്തു. വിദേശത്തേക്ക് കടന്നതിന് ശേഷം ഇയാള്‍ക്കെതിരെ അബ്സ്‌കൗണ്ടിങ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും രാജ്യത്തെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയാലും അപ്പോള്‍ തന്നെ കൈയോടെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഉറപ്പുനല്‍കിയിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു.

എന്നാല്‍ പൊലീസ് ഈ ഉറപ്പ് പാലിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. ഒരു മാസം മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി പ്രതി നാട്ടില്‍ തിരിച്ചെത്തിയിട്ടും പയ്യോളി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തില്ല. ഇയാളെ ചോദ്യം ചെയ്യാനും പൊലീസ് തയ്യാറായില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. പൊലീസിന്റെ അലംഭാവം കാരണം പ്രതിക്ക് ജാമ്യം ലഭിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിയുടെ വീട്ടിലേക്ക് അടുത്തിടെ നാട്ടുകാര്‍ മാര്‍ച്ച് നടത്തിയിരുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് റൂറല്‍ എസ്.പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

Content Highlight: Payyoli POCSO Case: March to Payyoli Police Station.