പ്രഭാസ്, സൂര്യ, റാം ചരണ്‍... നിര്‍മാതാവിന് 100 കോടി നഷ്ടം സമ്മാനിച്ച നടന്മാരുടെ ലിസ്റ്റില്‍ ഇനി പവന്‍ കല്യാണും
Indian Cinema
പ്രഭാസ്, സൂര്യ, റാം ചരണ്‍... നിര്‍മാതാവിന് 100 കോടി നഷ്ടം സമ്മാനിച്ച നടന്മാരുടെ ലിസ്റ്റില്‍ ഇനി പവന്‍ കല്യാണും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th August 2025, 9:28 pm

തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നടനാണ് പവന്‍ കല്യാണ്‍. റൊമാന്റിക് സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ആക്ഷന്‍ സിനിമകളിലേക്ക് വളരെ വേഗത്തില്‍ പവന്‍ കല്യാണ്‍ ചുവടുമാറ്റി. വലിയ രീതിയില്‍ ആരാധകപിന്തുണ ഉണ്ടാക്കിയെടുത്ത താരത്തെ പവര്‍ സ്റ്റാര്‍ എന്ന് ആരാധക കൂട്ടം അഭിസംബോധന ചെയ്തു.

സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച പവന്‍ കല്യാണ്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. എന്നാല്‍ തിരിച്ചുവരവില്‍ പഴയ പ്രതാപത്തിലേക്ക് കടക്കാന്‍ ഒരിക്കല്‍ പോലും താരത്തിന് സാധിച്ചില്ല. ഉപമുഖ്യമന്ത്രിയായതിന് ശേഷം തിയേറ്ററുകളിലെത്തിയ പവന്‍ കല്യാണ്‍ ചിത്രം ഹരിഹര വീരമല്ലുവാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

250 കോടി ബജറ്റിലൊരുങ്ങിയ ചിത്രം വന്‍ നഷ്ടമായി മാറിയെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ഇതുവരെ വെറും 140 കോടി മാത്രം സ്വന്തമാക്കിയ ചിത്രം നിര്‍മാതാവിന് 100 കോടി നഷ്ടമുണ്ടാക്കിയിരിക്കുകയാണ്. 100 കോടി ഷെയര്‍ നേടുന്ന ചിത്രത്തിന് മുമ്പ് 100 കോടി നഷ്ടമുണ്ടാക്കിയ ആദ്യത്തെ നടനെന്ന മോശം റെക്കോഡും പവര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ പേരിലാക്കിയിരിക്കുകയാണ്.

എന്നാല്‍ നിര്‍മാതാവിന് 100 കോടി നഷ്ടമുണ്ടാക്കിയ ആദ്യത്തെ നടനല്ല പവന്‍ കല്യാണ്‍. പ്രഭാസും സൂര്യയും റാം ചരണും ഇതിന് മുമ്പ് ഇത്തരത്തില്‍ നിര്‍മാതാവിനെ കയ്പ്പുനീര്‍ കുടിപ്പിച്ചവരാണ്. തെലുങ്ക് താരം പ്രഭാസാണ് ഈ ട്രെന്‍ഡ് ആരംഭിച്ചത്. പാന്‍ ഇന്ത്യന്‍ ചിത്രമായെത്തിയ രാധേ ശ്യാമിലൂടെയാണ് പ്രഭാസ് ആദ്യമായി വമ്പന്‍ പരാജയം നേരിട്ടത്. 300 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് 195 കോടി മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ചിത്രം പരാജയമായതോടെ തന്റെ പ്രതിഫലം പ്രഭാസ് നിര്‍മാതാക്കള്‍ക്ക് തിരികെ നല്കിയിരുന്നു.

രണ്ട് വര്‍ഷത്തോളം പ്രഭാസ് കൊണ്ടുനടന്ന റെക്കോഡ് കഴിഞ്ഞവര്‍ഷമാണ് തകര്‍ന്നത്. സൂര്യ നായകനായെത്തി ബ്രഹ്‌മാണ്ഡ ചിത്രം കങ്കുവ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ പരാജയമായി മാറി. 250 കോടി ബജറ്റിലെത്തിയ ചിത്രം 125 കോടി മാത്രമേ നേടിയുള്ളൂ. ഇതോടെ പ്രഭാസില്‍ നിന്ന് ഏറ്റവും വലിയ ഫ്‌ളോപ്പെന്ന റെക്കോഡ് സൂര്യ തന്റേ പേരിലാക്കി മാറ്റി.

എന്നാല്‍ കങ്കുവക്ക് പിന്നാലെ റാം ചരണ്‍ ഏറ്റവും വലിയ ഫ്‌ളോപ്പെന്ന റെക്കോഡ് തെലുങ്ക് സിനിമയുടെ പേരില്‍ തന്നെ നിലനിര്‍ത്തി. ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചര്‍ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയമായി മാറി. 350 കോടിയിലെത്തിയ ചിത്രം 140 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. 200 കോടിയിലധികമാണ് ചിത്രം നിര്‍മാതാവിന് വരുത്തിവെച്ച നഷ്ടം. ഈ ലിസ്റ്റിലേക്ക് തന്റെ പേരും എഴുതി ചേര്‍ത്തിരിക്കുകയാണ് പവന്‍ കല്യാണും.

16ാം നൂറ്റാണ്ടില്‍ ആന്ധ്രയില്‍ ജീവിച്ചിരുന്ന വീരമല്ലു എന്ന യോദ്ധാവിന്റെ കഥ എന്ന അവകാശവാദവുമായാണ് ഹരിഹര വീരമല്ലു പ്രേക്ഷകരിലേക്കെത്തിയത്. 2020ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പവന്‍ കല്യാണിന്റെ രാഷ്ട്രീയ പ്രചരണങ്ങള്‍ കാരണം നീണ്ടുപോയി. ഒടുവില്‍ പറഞ്ഞ ബജറ്റിന്റെ ഇരട്ടിയായതോടെ സംവിധായകന്‍ ക്രിഷ് ജഗലര്‍മുണ്ഡി ചിത്രത്തില്‍ നിന്ന് പിന്മാറി. പിന്നീട് നിര്‍മാതാവിന്റെ മകനാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

Content Highlight: Pawan Kalyan’s Harihara Veeramallu movie made 100 crore loss for producer