എന്താടാ നമ്മള്‍ ഇങ്ങനെ... ക്രിഞ്ചിനെയും തോല്പിക്കുന്ന ബിഗ് എംസിന്റെ ഡയലോഗുകള്‍, ഒ.ടി.ടി റിലീസിന് പിന്നാലെ പേട്രിയറ്റിനെ കീറിമുറിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
എന്താടാ നമ്മള്‍ ഇങ്ങനെ... ക്രിഞ്ചിനെയും തോല്പിക്കുന്ന ബിഗ് എംസിന്റെ ഡയലോഗുകള്‍, ഒ.ടി.ടി റിലീസിന് പിന്നാലെ പേട്രിയറ്റിനെ കീറിമുറിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Friday, 5th June 2026, 5:58 pm

ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു പേട്രിയറ്റ്. ഇന്‍ഡസ്ട്രിയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന, മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായ പേട്രിയറ്റ് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല.

കഥയിലും മേക്കിങ്ങിലും കാണിച്ച ലോകനിലവാരം പ്രേക്ഷകരിലേക്ക് കൃത്യമായി കണക്ടാക്കാന്‍ സാധിക്കാത്തതായിരുന്നു പേട്രിയറ്റിന്റെ പരാജയ കാരണം. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ മാസ് ആക്ഷന്‍ സിനിമ പ്രതീക്ഷിച്ച ആരാധകര്‍ പേട്രിയറ്റ് പോലൊരു ക്ലാസ് സിനിമയില്‍ നിരാശരായി. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

സീ ഫൈവിലൂടെയാണ് പേട്രിയറ്റ് സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിലെ ചില സീനുകള്‍ക്ക് വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്. അത്തരത്തിലൊന്നാണ് രണ്ടാം പകുതിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കാറില്‍ ഒന്നിച്ച് സഞ്ചരിക്കുന്ന സീന്‍. മമ്മൂട്ടി- മോഹന്‍ലാല്‍ കോമ്പോയുള്ള ചുരുക്കം സീനുകളിലൊന്നായിരുന്നു ഇത്.

മമ്മൂട്ടി അവതരിപ്പിച്ച ഡാനിയല്‍ ജെയിംസ് എന്ന കഥാപാത്രത്തെ രക്ഷിച്ചുകൊണ്ട് മോഹന്‍ലാലിന്റെ റഹീം നായിക്കും കുഞ്ചാക്കോ ബോബന്റെ മൈക്കള്‍ ദേവസ്സിയും പോകുന്ന രംഗമാണിത്. ഡാനിയുടെയും റഹീമിന്റെയും സൗഹൃദം പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യിക്കാനായി സംവിധായകന്‍ ഉപയോഗിച്ച സീന്‍ ഒട്ടും വര്‍ക്കാകാതെ പോയി. ഇരുവരും തമ്മിലുള്ള ഡയലോഗ് ഇതിനോടകം ട്രോളന്മാര്‍ വലിച്ചുകീറിയിരിക്കുകയാണ്.

‘നമ്മള്‍ ഒന്നിച്ച് ഇങ്ങനെയൊരു യാത്ര പോയിട്ട് എത്ര കാലമായി ഡാനി. പണ്ടൊക്കെ ഇങ്ങനെ യാത്ര ചെയ്യാന്‍ നമുക്ക് ആരുടെയും സഹായം ആവശ്യമില്ലായിരുന്നു. എന്തൊക്കെ കാര്യങ്ങളാ നമ്മള്‍ ഒന്നിച്ച് ചെയ്തത്’ എന്നാണ് റഹീം നായിക് പറയുന്നത്. ഇതിന് ഡാനിയല്‍ ജെയിംസ് പറയുന്ന മറുപടിയും ക്ഷമ പരീക്ഷിച്ചതാണ്.

‘വഴിക്ക് വെച്ച് എന്റെ കാറ്റ് പോയാല്‍ അടക്കാന്‍ നില്‍ക്കരുത്. വല്ല ആറ്റിലോ കൊക്കയിലോ കൊണ്ട് തള്ളിക്കോണം’ എന്നാണ് ഡാനിയുടെ ഡയലോഗ്. ഇത് കേട്ട് റഹീം ഡാനിയെ വഴക്കു പറയുകയാണ്. മരണത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കരുതെന്ന് പറഞ്ഞ റഹീം നായിക് പിന്നീട് അയാളുടെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ്.

ഈയടുത്ത് വന്നതില്‍ ഏറ്റവും ക്രിഞ്ച് സീനെന്നാണ് ഈയൊരു സീനിനെ പലരും വിശേഷിപ്പിച്ചത്. അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ ശാലിനിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള ക്രിഞ്ച് ഡയലോഗുകള്‍ ഈ വീഡിയോയില്‍ മിക്‌സ് ചെയ്തുകൊണ്ടുള്ള ട്രോളുകള്‍ ഇതിനോടകം വൈറലായി. തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ഈ സീനിന് വിമര്‍ശനം ലഭിച്ചിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിങ്ങനെ രണ്ട് സൂപ്പര്‍താരങ്ങളെ ലഭിച്ചിട്ടും അതിനെ കൃത്യമായി ഉപയോഗിക്കാന്‍ മഹേഷ് നാരായണന് സാധിച്ചിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 130 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 100 കോടി പോലും നേടാതെയാണ് കളംവിട്ടത്.

Content Highlight: Patriot movie getting trolls after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം