പത്തനംതിട്ട: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി എസ്.എഫ്.ഐ പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി ജയകൃഷ്ണന്‍ തണ്ണിത്തോട്. യു.ഡി.എഫ് ഭരണകാലത്ത് നേരിട്ട പൊലീസ് മര്‍ദനത്തില്‍ താന്‍ ഇപ്പോഴും കേസ് നടത്തുകയാണെന്ന് ജയകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എസ്.എഫ്.ഐ നേതാവിന്റെ പ്രതികരണം.
യു.ഡിഎഫ് ഭരണകാലത്ത് കോന്നി സി.ഐ ആയിരുന്ന മധുബാബുവിനെതിരെയാണ് ജയകൃഷ്ണന്റെ ആരോപണം. പൊലീസുകാര്‍ ചേര്‍ന്ന് കാലിന്റെ വെള്ളയും ചെവിയുടെ ഡയഫ്രവും അടിച്ച് പൊട്ടിച്ചെന്നും കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തെന്നുമാണ് ജയകൃഷ്ണന്‍ ആരോപിക്കുന്നത്.
തുടര്‍ന്ന് ആറ് മാസത്തോളം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഒറ്റ രാത്രികൊണ്ട് നിരവധി കേസുകളാണ് തന്റെ മേലില്‍ ചുമത്തപ്പെട്ടതെന്നും പിന്നാലെ മൂന്ന് മാസം യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ ജയിലില്‍ അടച്ചതായും ജയകൃഷ്ണന്‍ പറയുന്നു.
തന്റെ പരാതിയില്‍ അന്നത്തെ പത്തനംതിട്ട എസ്.പിയും ഇന്നത്തെ ഐ.ജിയുമായ ഹരിശങ്കര്‍ അന്വേഷണം നടത്തി മധുബാബുവിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തതായും ജയകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ ഈ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെന്നും എസ്.എഫ്.ഐ നേതാവ് പറയുന്നു.
മധുബാബുവിനെ പോലുള്ള പൊലീസ് ക്രിമിനലുകൾക്കെതിരായ പോരാട്ടം തുടരുമെന്നും മര്‍ദനത്തില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ജയകൃഷ്ണന്‍ വ്യക്തമാക്കി. കാശു തന്നാല്‍ എല്ലാവരെയും വിലക്ക് എടുക്കാന്‍ കഴിയില്ലെന്നും എസ്.എഫ്.ഐ നേതാവ് പറഞ്ഞു.
അതേസമയം കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെ പീച്ചി സ്റ്റേഷനില്‍ വെച്ച് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പിനെ പൊലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാല്‍ സ്റ്റേഷനില്‍ വെച്ച് പൊലീസ് മര്‍ദിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് പണം ആവശ്യപ്പെട്ടുവെന്നും പണം നല്‍കിയില്ലെങ്കില്‍ പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.
പീച്ചിയിലെ പൊലീസ് മര്‍ദനത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നതിന്റെ തെളിവുകളും പുറത്തുവരുന്നുണ്ട്. നിലവില്‍ കോഴിക്കോട് നിന്നും പൊലീസ് മര്‍ദനത്തിന്റെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പ്രാദേശിക മുസ്‌ലിം ലീഗ് നേതാവായ മാമൂക്കോയക്കാണ് മര്‍ദനമേറ്റത്.